തിരുവനന്തപുരം: പ്രതികരിക്കുന്നവര്‍ക്കെതിരെയുള്ള പിഎസ്‌സിയുടെ ഫാസിസ്റ്റ് നിലപാടിനെതിരെ വി ടി ബല്‍റാം എംഎല്‍എ. പിഎസ്‌സി ക്കെതിരെ പ്രതികരിക്കുന്നവര്‍ക്കെതിരെ പരീക്ഷാ എഴുതാന്‍ അനുവദിക്കില്ലെന്നും ശിക്ഷാ നടപടിയുണ്ടാകുമെന്നും പി എസ് സി അറിയിച്ചിരുന്നു. ഇത്തരം അമിതാധികാര പ്രയോഗങ്ങളെ മുളയിലേ നുള്ളേണ്ടതുണ്ടെന്ന് വി ടി ബല്‍റാം എംഎല്‍എ പറഞ്ഞു.

വി ടി ബല്‍റാം എംഎല്‍എ യുടെ ഫേസ്ബുക്ക് പോസ്റ്റ്

പി എസ് സി അടക്കമുള്ള ഏത് ഇന്‍സ്റ്റിറ്റിയൂഷനെതിരെയും പ്രതികരിക്കാനും പരാതി പറയാനും ഒരു ജനാധിപത്യ രാജ്യത്ത് ഏതൊരു പൗരനും അവകാശമുണ്ട്. അതിന്റെ പേരില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നൊക്കെയുള്ള പി എസ് സിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇത്തരം അമിതാധികാര പ്രയോഗങ്ങളെ മുളയിലേ നുള്ളേണ്ടതുണ്ട്.

ഉദ്യോഗാര്‍ത്ഥികളുടെ ഏതെങ്കിലും വാദങ്ങളില്‍ കഴമ്പില്ലെങ്കില്‍ അക്കാര്യം പി എസ് സി ക്ക് വിശദീകരിക്കാവുന്നതാണ്. ഭരണഘടനാ സ്ഥാപനമായ പി എസ് സി യുടെ ആ വിശദീകരണത്തിന് തന്നെയാവും ജനങ്ങള്‍ക്കിടയില്‍ സ്വാഭാവികമായി കൂടുതല്‍ വിശ്വാസ്യത ലഭിക്കുക. ഇനി അഥവാ അങ്ങനെയൊരു വിശ്വാസ്യത ഉണ്ടാകുന്നില്ലെങ്കില്‍ അതെന്തുകൊണ്ടെന്ന കാര്യത്തില്‍ ആത്മപരിശോധന നടത്തേണ്ടത് പി എസ് സി തന്നെയാണ്. എസ്എഫ്‌ഐ ക്രിമിനലുകള്‍ക്ക് വേണ്ടി പി എസ് സി പരീക്ഷകള്‍ അട്ടിമറിക്കപ്പെട്ടത് പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത് തിരുത്തല്‍ നടപടികളാണ് പി എസ് സി സ്വീകരിച്ചിട്ടുള്ളതെന്ന് ഇനിയും ജനങ്ങള്‍ക്ക് ബോധ്യമായിട്ടില്ല.

മേല്‍പ്പറഞ്ഞ പരീക്ഷാ തട്ടിപ്പുകള്‍ക്കെതിരെ റാങ്ക് ഹോള്‍ഡര്‍മാരും യുവജന സംഘടനാ പ്രവര്‍ത്തകരുമടക്കം പതിനായിരക്കണക്കിന് ചെറുപ്പക്കാര്‍ പി എസ് സിക്കെതിരെ തെരുവില്‍ പ്രത്യക്ഷ സമരം തന്നെ നടത്തിയിരുന്നു. സമാന സാഹചര്യങ്ങളുണ്ടായാല്‍ നാളെകളിലും അതുപോലുള്ള യുവജന സമരങ്ങള്‍ ഉയര്‍ന്നു വരിക തന്നെ ചെയ്യും. അതിലൊക്കെ പങ്കെടുക്കുന്നവരേയും ഭാവിയില്‍ പി എസ് സി ഇതുപോലെ ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കുമോ? പ്രതികാര നടപടികളാണോ ഒരു ഉന്നത ഭരണഘടനാ സ്ഥാപനത്തിന്റെ ഭാഗത്തുനിന്നുണ്ടാവേണ്ടത്?

സുപ്രീം കോടതിയെ വിമര്‍ശിച്ചതിന്റെ പേരില്‍ ശിക്ഷാ നടപടി നേരിടുന്ന പ്രശാന്ത് ഭൂഷണ് നല്‍കിയ അതേ പിന്തുണ പി എസ് സി യുടെ പ്രതികാര നടപടി നേരിടുന്ന ഉദ്യോഗാര്‍ത്ഥികളായ ചെറുപ്പക്കാര്‍ക്കും പൊതുസമൂഹത്തില്‍ നിന്നുണ്ടാവണം.