അഞ്ച് വര്‍ഷത്തിനിടെ ഒന്നര ലക്ഷം പേര്‍ക്കു നിയമനം നല്‍കിയെന്ന സര്‍ക്കാര്‍ വാദം തെറ്റെന്നു വിവരാവകാശ രേഖകള്‍. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ഒരു ലക്ഷം പേര്‍ക്കു പോലും നിയമനം ലഭിച്ചിട്ടില്ലെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. അഞ്ച് വര്‍ഷം കൊണ്ട് 1,51,513 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയെന്നാണു മുഖ്യമന്ത്രിയും മന്ത്രിമാരും അവകാശപ്പെട്ടത്. യഥാര്‍ത്ഥത്തില്‍ ജോലി കിട്ടിയവരുടെ എണ്ണം പുറത്തു വിടാന്‍ സര്‍ക്കാര്‍ തയാറായതുമില്ല. ഇതു സംബന്ധിച്ചു പല തവണ നിയമസഭയിലടക്കം ചോദ്യം ഉയര്‍ന്നെങ്കിലും ‘വിവരം ശേഖരിച്ചു വരുന്നു’ എന്നായിരുന്നു മറുപടി.
ഇതേത്തുടര്‍ന്നാണു സേവ് എജ്യുക്കേഷന്‍ കമ്മിറ്റി സംസ്ഥാന സെക്രട്ടറി എം. ഷാജര്‍ഖാന്‍, ശമ്പള സോഫ്‌റ്റ്വെയര്‍ വഴിയുള്ള വിവരങ്ങള്‍ ശേഖരിച്ചത്. 2016 ജൂണ്‍ മുതല്‍ 2021 ഫെബ്രുവരി വരെ സ്പാര്‍ക്ക് സോഫ്‌റ്റ്വെയറില്‍ പുതുതായി അക്കൗണ്ട് സൃഷ്ടിച്ചതും ശമ്പളം നല്‍കിയതും 1,09,585 പേര്‍ക്കാണ്. ഇതില്‍14,389 പേര്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകരാണ്. എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെ മാനേജ്‌മെന്റുകളാണു നിയമിക്കുന്നത്. ബാക്കി 95,196 പേര്‍ക്കു മാത്രമാണു പിഎസ്സി വഴി നിയമനം ലഭിച്ചത്.