പാരീസ്: സ്പാനിഷ് സൂപ്പര്‍ കപ്പില്‍ റയലിനോട് തോറ്റതും മത്സരത്തിനിടെ സെര്‍ജിയോ റാമോസ് ലയണല്‍ മെസ്സിയെ പരിഹസിച്ചതും ബാഴ്‌സയുടെ ആരാധകര്‍ ഒരു പക്ഷേ ക്ഷമിച്ചേക്കാം. എന്നാല്‍ നെയ്മറെ ബാഴ്‌സയില്‍ നിന്നും അടര്‍ത്തി മാറ്റിയ പി.എസ്.ജിയുടെ ട്രോള്‍ കൊണ്ടത് ബാഴ്‌സയുടെ ചങ്കിലാണ്. ബാഴ്‌സയുടെ തോല്‍വിക്കു പിന്നാലെ നെയ്മര്‍ പൊട്ടിച്ചിരിക്കുന്ന ചിത്രവും ഒപ്പം ചിരിക്കുന്ന ഒരു ഇമോജിയുമാണ് പി.എസ്.ജി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പുറത്തു വിട്ടത്. നെയ്മര്‍ ബാഴ്‌സയുടെ തോല്‍വിയില്‍ സന്തോഷിക്കുകയാണെന്നു തോന്നിക്കുന്ന രൂപത്തിലാണ് ചിത്രം പുറത്തു വിട്ടിരിക്കുന്നത്.


ഇതിനു താഴെ ബാഴ്‌സക്ക് പി.എസ്.ജിയില്‍ നിന്നേറ്റ തോല്‍വിയുടെ കണക്കുകളും ഫ്രഞ്ച് ആരാധകര്‍ നിരത്തിയിട്ടുണ്ട്. അതേ സമയം ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിയെ 6-1ന് തകര്‍ത്ത ബാഴ്‌സയുടെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് ആരാധകര്‍ പിഎസ്ജിയോട് കണക്ക് ചോദിക്കുന്നത്. നെയ്മര്‍ പോയതിന് ശേഷം കളിച്ച മൂന്നില്‍ രണ്ട് മത്സരവും ബാഴ്‌സലോണ തോല്‍ക്കുകയായിരുന്നു. അതേ സമയം പി.എസ്.ജിക്കു വേണ്ടി കളത്തിലിറങ്ങിയ നെയ്മര്‍ ആദ്യ മത്സരത്തില്‍ ഒരു ഗോള്‍ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. സീസണ്‍ ഏറെ ദൈര്‍ഘ്യമുള്ളതാണ്, അതിനാല്‍ ഇനിയും പുരോഗമിക്കാന്‍ സമയമുണ്ട്. പക്ഷേ കഴിഞ്ഞ ഒമ്പത് വര്‍ഷമായി ബാഴ്‌സയില്‍ തുടരുന്ന തനിക്ക് ഇതാദ്യമായി റയലിനേക്കാളും താഴ്ന്നവരാണ് തങ്ങളെന്ന തോന്നലുണ്ടായെന്നായിരുന്നു മത്സര ശേഷം ബാഴ്‌സ താരം പിക്വേയുടെ പ്രതികരണം.