കൊല്ലം: കര്‍ഷക സമരത്തില്‍ കേന്ദ്ര സര്‍ക്കാരിന് അനുകൂലമായി ട്വീറ്റ് ചെയ്ത കായിക താരം പിടി ഉഷക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ വേറിട്ട പ്രതിഷേധം. പിടി ഉഷക്ക് കാക്കി നിക്കര്‍ തപാലില്‍ അയച്ചു കൊടുത്താണ് യുത്ത് കോണ്‍ഗ്രസ് പ്രതിഷേധം രേഖപ്പെടുത്തിയത്.

‘ഇന്ത്യ ജനാധിപത്യത്തിന്റെ ഉത്തമ മാതൃകയാണ്. ഞങ്ങളുെട പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന് ഞങ്ങള്‍ക്കറിയാം, എന്തുകൊണ്ടെന്നാല്‍ ലോകത്ത് നാനാത്വത്തില്‍ ഏകത്വം പുലര്‍ത്തുന്ന ഒരേയൊരു രാജ്യമാണ് ഇന്ത്യ’ എന്നായിരുന്നു ഉഷയുടെ ട്വീറ്റ്.

ഇതോടെ പിടി ഉഷക്കെതിരെ പ്രതിഷേധ സ്വരം ഉയര്‍ന്നു. സെലിബ്രിറ്റികള്‍ക്ക് കേന്ദ്രം അയച്ചുകൊടുത്ത അതേ സ്‌ക്രിപ്റ്റ് ആയിരുന്നു ട്വീറ്റില്‍ എന്നും ആരോപണമുയര്‍ന്നു. ഇതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.

യൂത്ത് കോണ്‍ഗ്രസ് കരുനാഗപ്പള്ളി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാവി നിക്കര്‍ പോസ്റ്റല്‍ വഴി ഉഷയുടെ മേല്‍വിലാസത്തിലേക്ക് അയച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജി.മഞ്ജു കുട്ടന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.