തിരുവനന്തപുരം: പുതുവൈപ്പിന്‍ ഐ.ഒ.സി പ്ലാന്റിനെതിരെ നാട്ടുകാര്‍ രണ്ടാംഘട്ട സമരം ആരംഭിച്ചു. ചുവട് വൈപ്പിന്‍ എന്ന പേരിലുള്ള പ്രതിഷേധ സംഗമത്തോടെയാണ് രണ്ടാം ഘട്ട സമരം. സമരം ചെയ്യുന്ന വൈപ്പിന്‍ ജനതയ്ക്ക് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍വി.എസ് അച്യുതാനന്ദന്‍ ഐക്യദാര്‍ഢ്യം അറിയിച്ചു.

ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള വികസന വൈരുദ്ധ്യങ്ങളില്‍ നിന്നാണ് പുതിയ സമര മുകുളങ്ങള്‍ പുറപ്പെടേണ്ടതെന്നും ജീവിക്കാനാവാതെ വരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പ്രതിരോധത്തിന്റെ മാര്‍ഗം തേടുക സ്വാഭാവികമാണെന്നും വിഎസ് സമരസമിതിക്കയച്ച ഇ മെയില്‍ സന്ദേശത്തില്‍ പറഞ്ഞു. മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനടക്കമുള്ള നേതാക്കള്‍ പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്തു.

സമരസഖാക്കളേ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് വി.എസ് സന്ദേശം ആരംഭിക്കുന്നത്. സമരസമിതി ചെയര്‍മാന്‍ എം.ബി ജയഘോഷ്, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം മാഗ്ലിന്‍ പീറ്റര്‍ എന്നിവര്‍ക്കാണ് വി.എസ് ഇ മെയില്‍ അയച്ചത്. കഴിഞ്ഞ എട്ട് വര്‍ഷമായി തുടര്‍ന്നുവരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി വി.എസ് സന്ദേശത്തില്‍ പറയുന്നു.

സാമൂഹ്യ പരിസരങ്ങളില്‍ നിന്നാണ് സമരങ്ങള്‍ ഉണ്ടായി വരുന്നത്. സമരങ്ങള്‍ മാത്രമല്ല, നിലവിലുള്ള എല്ലാ പ്രത്യയശാസ്ത്രങ്ങളും ഉണ്ടായത് നിലനില്‍ക്കുന്ന സാമൂഹ്യ പരിസരങ്ങളുടെ അടിത്തറയില്‍ നിന്നാണ്. സ്വതന്ത്രമായും ഭീതിരഹിതമായും ജീവിക്കാനാവാതെ വരുന്ന സാഹചര്യങ്ങളില്‍, ഒരു ജനത പ്രതിരോധത്തിന്റെ മാര്‍ഗം തേടുക സ്വാഭാവികമാണ്. അതാണ് പുതുവൈപ്പിനിലും സംഭവിച്ചത്. വി.എസ് പറയുന്നു.
നാം വികസനത്തിനെതിരല്ല. പക്ഷേ സാമൂഹ്യശാസ്ത്രപരമായി നിര്‍വചിക്കപ്പെടാതിരിക്കുകയാണെങ്കില്‍ വികസനം ഒരു ജനദ്രോഹ നടപടിയായി മാറാവുന്നതേയുള്ളൂ. അപകട സാധ്യതയുള്ള ഒരു പദ്ധതി ജനവാസ കേന്ദ്രങ്ങളോട് ചേര്‍ന്ന് സ്ഥാപിക്കുന്നതിന് മുന്‍പ് വേണ്ടത്ര പഠനങ്ങള്‍ നടത്തേണ്ടതുണ്ട്. നിലവിലുള്ള ഹൈക്കോടതി വിധിയില്‍ പറയുന്ന ക്ലിയറന്‍സുകള്‍ ലഭിക്കുന്നതിന് മുന്‍പ് പദ്ധതിയുമായി മുന്നോട്ടു പോവുന്നത് ശരിയായ നടപടിയല്ല എന്ന നിങ്ങളുടെ അഭിപ്രായത്തോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു.

സമരങ്ങളോട് ഭരണകൂടങ്ങള്‍ കൈക്കൊള്ളുന്ന സമീപനത്തില്‍ ഞാന്‍ ആശങ്കാകുലനാണ്. ഒരു പ്രദേശത്തെ ജനങ്ങള്‍ കൃഷി ചെയ്യാനും ജീവിതം മുന്നോട്ടു കൊണ്ടുപോകാനും പ്രയാസപ്പെടുമ്പോള്‍, അവരുടെ കൃഷിയിടങ്ങളും ജീവനോപാധികളും വികസനത്തിനെന്ന പേരില്‍ കയ്യേറപ്പെടുകയും അവരുടെ ആശങ്കകള്‍ അവഗണിക്കപ്പെടുകയും ചെയ്യുന്നതാവരുത് , വികസനം. മഹാഭൂരിപക്ഷം ജനങ്ങളും മത്സ്യത്തൊഴിലാളികളും കൂലിപ്പണിക്കാരുമായ പുതുവൈപ്പിനില്‍ ജനങ്ങളുടെ വികസന സ്വപ്‌നങ്ങളും ഭരണകൂടത്തിന്റെ വികസന സ്വപ്‌നങ്ങളും തമ്മില്‍ വൈരുദ്ധ്യമുണ്ടാവാം. ആ വൈരുദ്ധ്യത്തില്‍ നിന്നാണ് പുതിയ സമരമുകുളങ്ങള്‍ പുറപ്പെടേണ്ടത്. പുതുവൈപ്പിന്‍ സമരവുമായി ബന്ധപ്പെട്ട് ഇന്ന് രാജേന്ദ്ര മൈതാനിയില്‍ ചേരുന്ന യോഗത്തിന് എല്ലാ ആശംസകളും അര്‍പ്പിക്കുന്നതായും വി.എസ് പറഞ്ഞു.