ലണ്ടന്‍: ഇന്ത്യന്‍ ടീമിലെ സഹതാരങ്ങളെല്ലാം ഐ.പി.എല്‍ ആഘോഷമാക്കാനൊരുങ്ങുമ്പോള്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പുജാര ഇംഗ്ലണ്ടിലായിരിക്കും. ഐ.പി.എല്‍ താര ലേലത്തില്‍ ആവശ്യക്കാരില്ലാതിരുന്നതോടെയാണ് കൗണ്ടി ക്രിക്കറ്റില്‍ യോര്‍ക്‌ഷെയറിനു വേണ്ടി കളിക്കാന്‍ പുജാര പോകുന്നത്. ഓഗസ്റ്റില്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്താനിരിക്കുന്ന ഇന്ത്യന്‍ ടീമിന്, ഇംഗ്ലീഷ് സാഹചര്യങ്ങളുമായി പുജാര പൊരുത്തപ്പെടുന്നത് ഏറെ ഗുണം ചെയ്യും.
Cheteshwar Pujara will warm up for India's Test series in England by playing county cricket for Yorkshire https://t.co/yDE8K9PVnk pic.twitter.com/n6yfJ6zO6U
— ESPNcricinfo (@ESPNcricinfo) January 30, 2018
യോര്‍ക്‌ഷെയറില്‍ ന്യൂസിലാന്റ് ക്യാപ്ടന്‍ കെയ്ന്‍ വില്യംസണിനൊപ്പമാണ് വിദേശ താരത്തിന്റെ സ്ലോട്ടില്‍ പുജാര കളിക്കുക. ഐ.പി.എല്‍ ആരംഭിക്കുന്ന ഏപ്രില്‍ ഏഴിന്, ലീഡ്‌സ് ബ്രാഡ്‌ഫോഡിനെതിരായ മത്സരത്തില്‍ കളിക്കുകയാവും പുജാര. ഇന്ത്യന്‍ താരവുമായി നേരത്തെ തന്നെ യോര്‍ക്‌ഷെയര്‍ ധാരണയിലെത്തിയിരുന്നെങ്കിലും ഐ.പി.എല്‍ ലേലം കഴിഞ്ഞതിനു ശേഷം മതി പ്രഖ്യാപനം എന്ന് തീരുമാനിക്കുകയായിരുന്നു.
കൗണ്ടി ക്രിക്കറ്റില്‍ തിരക്കായിരിക്കുമെങ്കിലും ബെംഗളുരുവില്‍ ജൂണ്‍ 14-നാരംഭിക്കുന്ന അഫ്ഗാനിസ്താനെതിരായ ഏക ടെസ്റ്റിനു വേണ്ടി പുജാര രാജ്യത്ത് മടങ്ങിയെത്തും. പിന്നീട് തിരിച്ചുപോയ ശേഷം ഹാംപ്‌ഷെയറിനെതിരെയും സ്‌പെക്‌സേവേഴ്‌സ് കൗണ്ടി ചാമ്പ്യന്‍ഷിപ്പിലും കളിക്കും.
ഓഗസ്റ്റ് ഒന്നു മുതല്‍ സെപ്തംബര്‍ 11 വരെയായി അഞ്ച് ടെസ്റ്റുകളാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ കളിക്കുക. ഈയിടെ സമാപിച്ച ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ജയിച്ച മൂന്നാം ടെസ്റ്റില്‍ പുജാരയുടെ അര്‍ധ സെഞ്ച്വറി നിര്‍ണായകമായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ ആദ്യ റണ്‍ നേടാന്‍ 53 പന്ത് നേരിട്ട താരം പ്രതിരോധാത്മക ഇന്നിങ്‌സിലൂടെ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞാലും പുജാര മടങ്ങാന്‍ സാധ്യതയില്ല. സീസണിലെ അവസാന രണ്ട് മത്സരങ്ങളിലും യോര്‍ക്‌ഷെയറിനു വേണ്ടി കളിച്ച ശേഷമാവും താരം ഇന്ത്യയിലേക്കു തിരിക്കുക.
Be the first to write a comment.