കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യന്‍ ആധിപത്യം. സിംഹളീസ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ സ്റ്റംപെടുക്കുമ്പോള്‍ സന്ദര്‍ശകര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സ് എന്ന ശക്തമായ നിലയിലാണ്. ചേതേശ്വര്‍ പുജാരയുടെ (128 നോട്ടൗട്ട്) യും അജിങ്ക്യ രഹാനെയുടെയും (103 നോട്ടൗട്ട്) ശതകങ്ങളും ലോകേഷ് രാഹുലിന്റെ (57) അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യയെ മികച്ച നിലയിലെത്തിച്ചത്. നാലാം വിക്കറ്റില്‍ പുജാരയും രഹാനെയും ചേര്‍ന്ന് ഇതിനകം 211 റണ്‍സ് ചേര്‍ത്തു കഴിഞ്ഞു.

പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ഇന്ത്യക്ക് ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. പരിക്കും അസുഖവും കാരണം ദീര്‍ഘകാലം ടീമില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്ന ലോകേഷ് രാഹുലും മികച്ച ഫോമിലുള്ള ശിഖര്‍ ധവാനും (35) ഒന്നാം വിക്കറ്റില്‍ 56 റണ്‍സ് ചേര്‍ത്തു. അഞ്ച് ഫോറും ഒരു സിക്‌സറുമടക്കം ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ധവാന്‍ ദില്‍റുവന്‍ പെരേരയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി മടങ്ങുകയായിരുന്നു. 50-ാം ടെസ്റ്റ് കളിക്കുന്ന പുജാരയുടേതായിരുന്നു അടുത്ത ഊഴം. രാഹുലും പുജാരയും പരസ്പര ധാരണയോടെ കളിച്ചു തുടങ്ങിയപ്പോള്‍ സമ്മര്‍ദം ലങ്കയ്ക്കു മേലായി. എന്നാല്‍, അനാവശ്യ സിംഗിളിന് ശ്രമിച്ച് രാഹുല്‍ റണ്ണൗട്ടായതോടെ ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്ടമായി. ആദ്യം റണ്ണിന് വിളിച്ച് പാതിവഴിയില്‍ പിന്മാറിയ പുജാരയുടെ മനംമാറ്റമാണ് രാഹുലിനെ ചതിച്ചത്.

നാലാം നമ്പറിലിറങ്ങിയ ക്യാപ്ടന്‍ വിരാട് കോഹ്ലിക്ക് (13) അധിക നേരം വാഴാന്‍ കഴിഞ്ഞില്ല. രങ്കണ ഹെറാത്തിന്റെ പന്തില്‍ മനോഹരമായ ക്യാച്ചെടുത്ത് മുന്‍ ക്യാപ്ടന്‍ എയ്ഞ്ചലോ മാത്യൂസ് കോഹ്ലിയെ മടക്കി. ഇന്ത്യന്‍ സ്‌കോര്‍ 133-ലെത്തിയിരുന്നു അപ്പോള്‍.

തുടര്‍ന്നെത്തിയ രഹാനെ തുടക്കം മുതല്‍ തന്നെ ആധികാരികമായാണ് കളിച്ചത്. പിന്‍കാലിലൂന്നി ക്രീസ് നിയന്ത്രിച്ച രഹാനെ ഷോര്‍ട്ട് ആയി വരുന്ന പന്തുകളെ ശിക്ഷിക്കാന്‍ മറന്നില്ല. മറുവശത്ത് പുജാര തന്റെ സ്വതസിദ്ധമായ ശൈലിയിലാണ് കളിച്ചത്. ഒരു തവണ ക്യാച്ചില്‍ നിന്ന് രക്ഷപ്പെട്ട പുജാര പിന്നീട് 30 പന്തുകള്‍ നേരിട്ട ശേഷമാണ് അടുത്ത റണ്ണെടുത്തത്. നേരിട്ട ആദ്യ 94 പന്തില്‍ വെറും 29 റണ്‍സ് നേടിയ പുജാര പിന്നീട് 46 പന്തില്‍ നിന്ന് 60 റണ്‍സ് കുറിച്ചു.

164 പന്തിലാണ് പുജാര സെഞ്ച്വറിയിലെത്തിയത്. ഒമ്പത് ഫോറും ഒരു സിക്‌സറും താരം ഇതിനകം നേടി. അതേസമയം രഹാനെ തന്റെ ഒമ്പതാം ശതകത്തിലെത്താന്‍ 151 പന്തേ എടുത്തുള്ളൂ. ശ്രീലങ്കക്കെതിരായ തന്റെ രണ്ടാമത്തെ സെഞ്ച്വറിയില്‍ 11 തവണ രഹാനെ പന്ത് അതിര്‍ത്തി കടത്തി.