ഡല്‍ഹി: സാങ്കേതിക തടസ്സത്തെതുടര്‍ന്നു ട്രെയിന്‍ പിന്നിലേക്കു നീങ്ങിയത് 35 കിലോമീറ്ററിലധികം. ഡല്‍ഹിയില്‍നിന്ന് ഉത്തരാഖണ്ഡിലെ തനക്പുരിലേക്കു പോകുകയായിരുന്ന പൂര്‍ണഗിരി ജനശതാബ്ദി എക്‌സ്പ്രസാണ് ഇത്രയും ദൂരം പിന്നോട്ടു സഞ്ചരിച്ചത്. ഡല്‍ഹിയില്‍നിന്നു 330 കിലോമീറ്റര്‍ അകലെയുള്ള ഖതിമയിലാണു ട്രെയിന്‍ നിര്‍ത്താനായത്.

ട്രാക്കില്‍നിന്നിരുന്ന മൃഗത്തെ ഇടിക്കാതിരിക്കാന്‍ ലോക്കോ പൈലറ്റ് ട്രെയിന്‍ ബ്രേക്ക് ചെയ്തിരുന്നു എന്നാണു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിനുശേഷം എന്‍ജിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ട്രെയിന്‍ പിന്നിലേക്ക് പോവുകയുമായിരുന്നു. ട്രെയിന്‍ ഒരു സ്റ്റേഷനിലൂടെ മിതമായ വേഗത്തില്‍ കടന്നുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതു കണ്ടാല്‍ അസാധാരണമായൊന്നും തോന്നില്ല.

വിഡിയോ നല്ല രീതിയില്‍ ശ്രദ്ധിച്ചാലാണു ട്രെയിന്‍ പിന്നിലേക്കാണു പോകുന്നതെന്നു മനസ്സിലാവുക. ഒടുവില്‍ ഖതിമയില്‍ ട്രെയിന്‍ നിര്‍ത്തിയ ശേഷം യാത്രക്കാരെ ബസില്‍ തനക്പുരിലേക്ക് അയച്ചു.