കണ്ണൂര്‍: അഞ്ചുവര്‍ഷം മുമ്പ് കാണാതായ ഭര്‍ത്താവിനെ കണ്ടെത്താന്‍ സഹായം തേടി യുവതിയും കുടുംബവും. കണ്ണൂര്‍ രാമന്തളിയിലെ ടി.പി പുരുഷോത്തമന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ഭാര്യ എം. പ്രിയ. പൊലീസില്‍ പരാതി നല്‍കിയിട്ടും അന്വേഷണമുണ്ടാകുന്നില്ലെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

2015 ജൂണ്‍ ഒന്നിനാണ് രാമന്തളി മൊട്ടക്കുന്നിലെ വീട്ടില്‍ നിന്നും പുരുഷോത്തമന്‍ ഇറങ്ങിയത്. വയനാട്ടിലേക്കെന്നാണ് പറഞ്ഞത്. തൊട്ടടുത്ത ദിവസം എറണാകുളത്തേക്ക് പോകുന്നെന്ന് വിളിച്ചു പറഞ്ഞിരുന്നു. പിന്നീട് യാതൊരു വിവരമുണ്ടായില്ല. തുടര്‍ന്ന് ജൂണ്‍ എട്ടിന് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ അന്വേഷണമുണ്ടായില്ലെന്നാണ് കുടുംബം പറയുന്നത്. ഈ സാഹചര്യത്തില്‍ ഭര്‍ത്താവിനെ കണ്ടെത്താന്‍ സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെ സഹായം തേടുകയാണ് ഭാര്യ പ്രിയ.

2018 ഡിസംബറില്‍, പത്രത്തില്‍ പ്രസിദ്ധീകരിച്ച ശബരിമല സന്നിധാനത്തെ തിരക്കിന്റെ ചിത്രത്തില്‍ പുരുഷോത്തമനുണ്ടെന്ന് കാണിച്ച് ജില്ലാ പൊലീസ് മേധാവിയെ കണ്ടു. അന്വേഷണത്തിനായി എസ്.പി പയ്യന്നൂര്‍ പൊലീസിനെ ചുമതലപ്പെടുത്തി. എന്നിട്ടും ഫലമുണ്ടായില്ല. കുടുംബം മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.