ചെന്നൈ: കാഞ്ചീപുരത്ത് ചെങ്കല്‍ പേട്ടിനടുത്ത് കത്തിയ നിലയില്‍ കണ്ടെത്തിയ യുവതിയുടെ ശരീരം റാന്നിയില്‍ നിന്ന് കാണാതായ ജസ്‌ന മരിയയുടേതെന്ന് സംശയം. കണ്ടെത്തിയ മൃതദേഹം ജസ്‌നയുടേതാണോ എന്ന് സ്ഥിരീകരിക്കുന്നതിന്റെ ഭാഗമായി ജസ്‌നയുടെ തിരോധാന കേസ് അന്വേഷിക്കുന്ന കേരള പൊലീസ് തമിഴ്‌നാട്ടിലെത്തി. ചെങ്കല്‍ പേട്ട മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയമാക്കും. ശേഷമാവും മൃതദേഹം ജസ്‌നയുടേതാണോ അല്ലയോ എന്ന് കാര്യത്തില്‍ പൊലീസിന്റെ സ്ഥിരീകരിണം വരിക.

കഴിഞ്ഞ ഞായറാഴ്ച തമിഴ്‌നാട് പൊലീസിന്റെ പട്രോളിങ്ങിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പല്ലിന് ക്ലിപ്പ് ഇട്ട യുവതിയുടെ മൃതദേഹമാണ് കണ്ടെടുത്തത്. മരിച്ചത് ജസ്‌നയാവാം എന്ന് സംശയിക്കാനുള്ള പ്രധാന കാരണം ഇതാണ്. എന്നാല്‍ മൃതദേഹത്തിന് മൂക്കുത്തിണ്ട്. എന്നാല്‍ ജസ്‌ന മൂക്കുത്തി ഉപയോഗിക്കാറില്ല. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹമെങ്കിലും വെളുത്ത നിറമുള്ളയാളാണ് മരിച്ചതെന്ന് പരിശോധനയില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു സ്യൂട്ട് കേസും ലഭിച്ചിട്ടുണ്ട്. മൃതദേഹം കണ്ടെത്തുമ്പോള്‍ രണ്ട് പേര്‍ മൃതദേഹത്തിനടുത്ത് നിന്ന് ഓടിപ്പോവുന്നതായി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കത്തിയ നിലയില്‍ കണ്ടെത്തിയ യുവതിയുടെ ശരീരത്തിന്റെ വിവരങ്ങള്‍ പൊലീസ് വാട്‌സ്അപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചിരുന്നു. തുടര്‍ന്നാണ് സംഭവം കേരള പൊലീസിന്റെ ശ്രദ്ധയില്‍ പെടുന്നത്.

കഴിഞ്ഞ മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക് കോളജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനിയായ മൂക്കൂട്ട്തറ സ്വദേശി ജസ്‌നയെ കാണാതാവുന്നത്. രാവിലെ കാഞ്ഞിരപ്പള്ളിയിലെ പിതൃസഹോദരിയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞാണ് ഇറങ്ങിയത് എരുമേലിയിലെത്തുന്നത് വരെ കണ്ടവരുണ്ട്. പിന്നീട് ജസ്‌നയെ ആരും കണ്ടിട്ടില്ല.