മലപ്പുറം: നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് അനുവദിച്ച അത്യാധുനിക ആംബുലന്‍സ് ഉദ്ഘാടന വേദിയില്‍ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്ഷുഭിതനായി സംസാരിച്ച സംഭവത്തില്‍ ഖേദപ്രകടനവുമായി പി.വി അബ്ദുല്‍ വഹാബ് എം.പി. രണ്ടു മാസം മുമ്പാണ് സംഭവം. ആംബുലന്‍സ് തയ്യാറായി എന്ന ആരോഗ്യവകുപ്പിന്റെ അറിയിപ്പിനെ തുടര്‍ന്ന് ഉദ്ഘാടനത്തിനെത്തിയ എം.പിക്ക് അത്യാധുനിക സൗകര്യങ്ങളില്ലാത്ത ആംബുലന്‍സാണ് കാണാന്‍ കഴിഞ്ഞത്. ഇതിനെതിരെ എം.പി ക്ഷുഭിതനാവുകയായിരുന്നു. ഉദ്ഘാടന വേദിയില്‍ വെച്ച് എം.പി വൈകാരികമായി ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതികരിച്ചിരുന്നു.

എന്നാല്‍ ആ സംഭവം ഇപ്പോഴും ഉന്നത ഉദ്യോഗസ്ഥയെ വേദനിപ്പിക്കുന്നുവെന്നറിഞ്ഞതിനെ തുടര്‍ന്നാണ് എം,പി ഖേദപ്രകടനം നടത്തിയത്. സംഭവം ജില്ലാ മെഡിക്കല്‍ ഓഫിസറെ ഇപ്പോഴും വേദനിപ്പിക്കുന്നുവെന്നത് ദു:ഖകരമാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ എം.പി പറഞ്ഞു.

‘മലപ്പുറം ജില്ല പോലെ ജനനിബിഡമായ ഒരു പ്രദേശത്ത് ആരോഗ്യവകുപ്പ് അതിന്റെ മേധാവിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസാര്‍ഹമാണ്. എന്റെ ഒരു നിമിഷത്തെ വൈകാരിക പ്രകടനം അവര്‍ക്ക് സൃഷ്ടിച്ച മനോവിഷമം വലുതാണെന്ന് മനസിലാക്കുന്നു. ഈ പുണ്യമാസത്തിന്റെ മഹത്വം ഉയര്‍ത്തിപിടിച്ച് ഈ സമയത്ത് എന്റെ പ്രവര്‍ത്തിയിലെ ഖേദം ഞാന്‍ തുറന്ന് പറയുകയാണ്. നമ്മുടെ ജില്ലയെ ആരോഗ്യ മേഖലയില്‍ കൂടുതല്‍ ഉന്നതിയിലേക്ക് നയിക്കാന്‍ സര്‍വശക്തന്‍ അവര്‍ക്ക് എല്ലാവിധ അനുഗ്രഹങ്ങളും നല്‍കട്ടെ.’-അദ്ദേഹം കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

വളരെ വൈകാരികമായി പ്രതികരിച്ചു പോയ ഒരു സംഭവത്തെക്കുറിച്ചും, അതിന് കാരണമായ സാഹചര്യത്തെക്കുറിച്ചുമാണ് ഈ കുറിപ്പ്. നമ്മുടെ മനസുമായും, ലക്ഷ്യങ്ങളുമായും, സേവന മേഖലയുമായും അടുത്ത് നില്‍ക്കുന്ന ചില പദ്ധതികള്‍ ഏറ്റെടുക്കുമ്പോള്‍ താല്‍പര്യവും, ആകാംക്ഷയും, പ്രതീക്ഷയും അതിനനുസരിച്ച് കൂടും. ഇത്തരത്തില്‍ ഹൃദയത്തോട് ചേര്‍ത്ത് നിറുത്തിയ ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് ഉത്തരവാദിത്വപ്പെട്ട ആളുകളുടെ ഭാഗത്തു നിന്ന് വന്ന വീഴ്ച്ചയാണ് മേല്‍പറഞ്ഞ വൈകാരികമായ പ്രതികരണത്തിന് ഇടയാക്കിയത്.

നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് അനുവദിച്ച അത്യാധുനിക ആംബുലന്‍സ് ഉദ്ഘാടന വേദിയിലാണ് ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഒഴിവാക്കാമായിരുന്നു എന്ന് കരുതുന്ന ആ സംഭവം നടന്നത്. ആംബുലന്‍സ് തയ്യാറായി എന്ന് ആരോഗ്യവകുപ്പ് അറിയിപ്പ് ലഭിച്ച് രണ്ട് ദിവസത്തിനകം തന്നെ അത് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള തയ്യാറെടുപ്പ് നടത്തി പദ്ധതി ഉദ്ഘാടനം പ്രഖ്യാപിച്ചിരുന്നു. ഈ സേവനം പരമാവധി വേഗം ജനങ്ങളിലേക്കെത്തിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.

അങ്ങനെ ഉദ്ഘാടന ദിവസം വന്നെത്തി. നിലമ്പൂരിലെ രോഗികള്‍ക്ക് അത്യാധുനിക സൗകര്യമുള്ള ആംബുലന്‍സില്‍ മികച്ച സൗകര്യം ലഭിക്കുന്ന ആശുപത്രികളിലേക്ക് കുതിക്കാം എന്നും, നിലമ്പൂരിന്റെ ആയുസ് കൂടുന്നുവെന്നും മാധ്യമങ്ങളില്‍ വാര്‍ത്തയും നിരന്നു. പക്ഷേ ഉദ്ഘാടനത്തിനെത്തിച്ച ആംബുലന്‍സ് കണ്ടപ്പോള്‍ സത്യത്തില്‍ നിരാശയും, ദേഷ്യവുമാണ് തോന്നിയത്.

അത്യാധുനികം എന്ന് പറഞ്ഞ് വന്ന ആംബുലന്‍സില്‍ ഈ പറയുന്ന സംവിധാനങ്ങളൊന്നും പ്രവര്‍ത്തനയോഗ്യമാക്കിയിരുന്നില്ല. കിട്ടിയപാടെ വണ്ടി എടുത്ത് ഉപരണങ്ങള്‍ ഘടിപ്പിക്കാതെ ഉദ്ഘാടനത്തിന് കൊണ്ടുവരികയായിരുന്നു.

നിരാശയും, വിഷമവും മൂലം ഞാന്‍ ഒന്ന് തീരുമാനിച്ചു. ഈ പദ്ധതി എന്തായാലും ഇന്ന് ഉദ്ഘാടനം ചെയ്യുന്നില്ല. അത്യാധുനിക ആംബുലന്‍സ് ഉദ്ഘാടനം ചെയ്‌തെന്ന് ജനങ്ങളെ അറിയിക്കുകയും, വിശ്വസിച്ചെത്തുന്നവരെ വഞ്ചിക്കുകയും ചെയ്യുന്നത് ശരിയല്ലെന്ന് തോന്നിയത് കൊണ്ടാണ് ആ തീരുമാനം എടുത്തത്.

ഇതോടൊപ്പം മറ്റൊരു സാധാരണ ആംബുലന്‍സ് കൂടി ആശുപത്രിക്ക് കൈമാറിയിരുന്നു. അത് അന്ന് പറഞ്ഞ പോലെ ഉദ്ഘാടം ചെയ്യുകയും ചെയ്തു. പക്ഷേ ആ ഉദ്ഘാടന വേദിയില്‍ വെച്ച് വളരെ വൈകാരികവും, പരുഷവുമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തേണ്ടി വന്നു. ഏകദേശം 28 മാസത്തോളം ലഭിച്ചിട്ടും പദ്ധതി പൂര്‍ണതയിലെത്തിക്കാന്‍ കഴിയാതിരുന്നതാണ് എന്നെ രോഷാകുലനാക്കിയത്. അവരുടെ ഭാഗത്ത് നിന്ന് വന്ന വീഴ്ച്ചയെ വിമര്‍ശിക്കേണ്ടി വന്നു. ഈ പദ്ധതിയോടുള്ള താല്‍പര്യം കൊണ്ടും, അത് കൊണ്ടുള്ള ഗുണം കൊണ്ടുമാണ് ഇതില്‍ അലംഭാവം കാണിച്ചുവെന്നത് എന്നെ വേദനിപ്പിച്ചതും, രൂക്ഷമായ വാക്കുകളിലൂടെ ആ വേദന പുറത്തു വന്നതും.

സംഭവം നടന്നിട്ട് ഏകദേശം രണ്ട് മാസത്തോളമാകുന്നു. വിശുദ്ധ റമദാന്‍ മാസത്തിലാണ് നാം ഇന്ന്. എന്റെ പ്രതികരണം മലപ്പുറം ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ, പ്രിയങ്കരിയായ ജില്ലാ മെഡിക്കല്‍ ഓഫിസറെ ഇപ്പോഴും വേദനിപ്പിക്കുന്നുവെന്നത് ദു:ഖകരമാണ്. അതിനാലാണ് ഈ തുറന്നെഴുത്ത്. സംസ്ഥാനത്ത് തന്നെ ഇത്തരമൊരു പദ്ധതി ആദ്യമായതിനാലാകും എല്ലാം പൂര്‍ണതയിലെത്തിക്കാന്‍ അവര്‍ക്ക് സാധിക്കാതിരുന്നത്. മലപ്പുറം ജില്ല പോലെ ജനനിബിഡമായ ഒരു പ്രദേശത്ത് ആരോഗ്യവകുപ്പ് അതിന്റെ മേധാവിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസാര്‍ഹമാണ്. എന്റെ ഒരു നിമിഷത്തെ വൈകാരിക പ്രകടനം അവര്‍ക്ക് സൃഷ്ടിച്ച മനോവിഷമം വലുതാണെന്ന് മനസിലാക്കുന്നു. ഈ പുണ്യമാസത്തിന്റെ മഹത്വം ഉയര്‍ത്തിപിടിച്ച് ഈ സമയത്ത് എന്റെ പ്രവര്‍ത്തിയിലെ ഖേദം ഞാന്‍ തുറന്ന് പറയുകയാണ്. നമ്മുടെ ജില്ലയെ ആരോഗ്യ മേഖലയില്‍ കൂടുതല്‍ ഉന്നതിയിലേക്ക് നയിക്കാന്‍ സര്‍വശക്തന്‍ അവര്‍ക്ക് എല്ലാവിധ അനുഗ്രഹങ്ങളും നല്‍കട്ടെ.