മലപ്പുറം: ബാബരി മസ്ജിജ് തകര്‍ത്ത സംഭവത്തില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയുള്ള സിബിഐ കോടതിയുടെ നടപടിയില്‍ പ്രതികരിച്ച് മുസ്‌ലിംലീഗ് ദേശീയ ട്രഷറര്‍ പിവി അബ്ദുല്‍ വഹാബ് എംപി. ബിജെപി ഭരണത്തില്‍ നിരന്തരം നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് നീതിയെന്നും കോടതിയും അന്വേഷണ ഏജന്‍സികളുമെല്ലാം ഈ നീതിനിഷേധത്തിന് കൂട്ടുനില്‍ക്കുന്ന കാഴ്ച നിരാശാജനകമാണെന്നും അബ്ദുല്‍ വഹാബ് പറഞ്ഞു.

ബാബരി മസ്ജിദ് കേസിലെ സി.ബി.ഐ കോടതി വിധി ജനാധിപത്യത്തിലും നീതിന്യായ വ്യവസ്ഥയിലും വിശ്വസിക്കുന്ന ഓരോ ഇന്ത്യക്കാരനെയും വേദനിപ്പിക്കേണ്ടതാണ്. രാജ്യത്തിന്റെ വേദനയാണ് ബാബരി. അത് പൊളിച്ചുകളഞ്ഞവര്‍ വൈകിയാലും ശിക്ഷിക്കപ്പെടുമെന്ന പ്രതീക്ഷയാണ് ഇതോടെ ഇല്ലാതായത്. ഇന്ത്യന്‍ ജുഡീഷ്യറിയും ദേശീയ അന്വേഷണ ഏജന്‍സികളും ജനങ്ങളുടെ വിശ്വാസമാണ് നഷ്ടപ്പെടുത്തുന്നത്. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും.

ഇന്ത്യയെ മതേതര റിപ്പബ്ലിക്കായി നിലനിര്‍ത്താനുള്ള പ്രതിജ്ഞ പുതുക്കാനുള്ള സമയം കൂടിയാണിത്. നാം ഒരു തോറ്റ ജനതയാകരുതെന്നും എം.പി കൂട്ടിച്ചേര്‍ത്തു.