തേഞ്ഞിപ്പലം: അര്‍ഹതക്കനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതിന് പകരം സമുദായങ്ങള്‍ക്കിടയിലെ തൂക്കം ഒപ്പിക്കുന്നതിനുവേണ്ടി സ്ഥാപനങ്ങള്‍ അനുവദിക്കപ്പെടുന്നതാണ് മുസ്‌ലിംകള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലഭിക്കുന്നതിന് പലപ്പോഴും തടസ്സമായിട്ടുള്ളത് എന്ന് പി.വി.അബ്ദുല്‍ വഹാബ് എം.പി. പറഞ്ഞു. ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കാലങ്ങളായി നടത്തുന്ന സമുദായങ്ങള്‍ക്ക് പലപ്പോഴും എയ്ഡഡ് സ്ഥാപനങ്ങള്‍ അനുവദിക്കപ്പെടേണ്ടിവരുന്നു. അത് സര്‍ക്കാറുകള്‍ക്ക് ബാധ്യതയാകുമെന്നതിനാല്‍ പിന്തിരിയുന്നു. അതിന്റെ ഫലമായി അര്‍ഹതപ്പെട്ട മുസ്‌ലിം വിഭാഗങ്ങള്‍ക്ക് അടക്കം സ്ഥാപനങ്ങള്‍ ലഭിക്കുന്നില്ല അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലാ ഇസ്‌ലാമിക് ചെയര്‍ മലബാര്‍ മുസ്‌ലിംകളുടെ വിദ്യാഭ്യാസ ശാക്തീകരണത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ പങ്ക് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദ്വിദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലബാറിന്റെ വിദ്യാഭ്യാസ വികസനത്തില്‍ കാലിക്കറ്റ് സ്തുത്യര്‍ഹമായ സംഭാവനകളാണ് അര്‍പ്പിച്ചിട്ടുള്ളത്. ഇവിടത്തുകാര്‍ക്ക് വൈകാരികമായ അടുപ്പമാണ് കാലിക്കറ്റിനോടുള്ളത്. സര്‍വകലാശാലയുടെ ചെറിയ തെറ്റുകള്‍ പോലും ദേശീയ മാധ്യമങ്ങള്‍ ആഘോഷിക്കാറുണ്ട് എന്നതിനാല്‍ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് പി.വി.അബ്ദുല്‍ വഹാബ് പറഞ്ഞു. ഉദ്ഘാടന സെഷനില്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ അധ്യക്ഷനായിരുന്നു. ഡോ.എ.ഐ.റഹ്മത്തുള്ള, പി.കെ.അഹമ്മദ്, അഡ്വ.എം.മുഹമ്മദ്, ഡോ.എം. ഉസ്മാന്‍, ഡോ.ഇ.അബ്ദുല്‍ മജീദ് തുടങ്ങിയവര്‍ സംസാരിച്ചു. രണ്ട് ദിവസത്തെ സെമിനാറില്‍ ഡോ.ഹുസൈന്‍ രണ്ടത്താണി, ഡോ.ഫസല്‍ ഗഫൂര്‍, ഡോ.ടി.എ.അബ്ദുല്‍ മജീദ്, പ്രൊഫ.കുഞ്ഞാലി, ഡോ.കെ.എം.നസീര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. സെമിനാര്‍ ഇന്ന്് സമാപിക്കും.