ദോഹ: ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് പൊലീസ് അക്കാഡമീസ് ആന്റ് കോളേജസ്(ഇന്റര്‍പ) ഏഴാമത് സമ്മേളനം നാളെ ദോഹയില്‍ ആരംഭിക്കും. ‘ഭീകരവാദവും തീവ്രവാദവും നേരിടുന്നതിനുള്ള പുതിയ ലക്ഷ്യങ്ങള്‍’ എന്ന പ്രമേയത്തിലാണ് പരിപാടി നടക്കുന്നത്. ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ കാര്‍മികത്വത്തിലാണ് പരിപാടി നടക്കുന്നത്. സുപ്രീം കൗണ്‍സില്‍ ഓഫ് പൊലീസ് കോളേജിന്റെ ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം. 42 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സുരക്ഷാ മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിച്ച നാല് അന്താരാഷ്ട്ര സംഘടനകളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. മൂന്ന് ദിവസമാണ് സമ്മേളനം നടക്കുന്നത്. ഗവേഷണ സംഘങ്ങള്‍, ബുദ്ധിജീവികള്‍, പൊലീസ്, സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍, ഇന്റര്‍ നാഷണല്‍ അസോസിയേഷന്‍ ഓഫ് പൊലീസ് അക്കാഡമീസ് ആന്റ് കോളേജസ് പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഭീകരവാദത്തെയും തീവ്രവാദത്തെയും നേരിടുന്നതിനുള്ള പുതിയ വഴികളും ആശയങ്ങളും സമ്മേളനത്തില്‍ പരസ്പരം പങ്കുവെക്കപ്പെടും. രാഷ്ട്രീയ സംഘര്‍ഷം, ഭീകരവാദത്തെയും തീവ്രവാദത്തെയും നേരിടല്‍, അന്താരാഷ്ട്ര കായിക പരിപാടികളില്‍ ഉള്‍പ്പെടെ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുള്ള വഴികള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സമ്മേളനം വിശദമായി ചര്‍ച്ച ചെയ്യും.
ഭീകരവാദത്തെ നേരിടുന്നത് സംബന്ധിച്ച നൂതന ആശയങ്ങള്‍ പങ്കുവെക്കാനും ഇന്റര്‍ നാഷണല്‍ അസോസിയേഷന്‍ ഓഫ് പൊലീസ് അക്കാഡമീസ് ആന്റ് കോളേജസ് അംഗങ്ങള്‍ തമ്മില്‍ മികച്ചൊരു ബന്ധവും ആശയവിനിമയവും സാധ്യമാക്കുന്നതിനും സമ്മേളനം ഉപകരിക്കുമെന്ന് പൊലീസ് കോളേജ് ഡയരക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഡോ. മുഹമ്മദ് അബ്ദുല്ല അല്‍മുഹന്ന അല്‍മആരി പറഞ്ഞു. സംഘടനയിലെ അംഗങ്ങള്‍ തമ്മില്‍ ശക്തമായ ബന്ധം നിലനില്‍ക്കുന്നത് വളരെ പ്രയോജനകരമാണ്. ഭീകരവാദത്തെ നേരിടുന്നതിനുള്ള ഏറ്റവും നല്ല രീതികള്‍ സംബന്ധിച്ച വിപുലമായ വിവരങ്ങള്‍ ലഭിക്കാനുള്ള അവസരങ്ങള്‍ ഇവിടെ സൃഷ്ടിക്കപ്പെടുകയാണ്. സുരക്ഷയിലും പൊലീസ് ജോലിയിലും നേരിട്ട് ഇടപ്പെട്ട മേധവികളും ഉദ്യോഗസ്ഥരും തമ്മിലുള്ള ആശയവിനിമയം സമ്മേളനം സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭീകരവാദം ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്നും അതിനെ സുരക്ഷാ വിഭാഗവും നിയമ വിദഗ്ധരും നല്‍കിയ വിവരത്തിനെ അടിസ്ഥാനമാക്കി ശാസ്്ത്രീയമായി നേരിടണമെന്നും പൊലീസ് കോളേജ് ഭരണ സാമ്പത്തിക കാര്യ വിഭാഗം ഡയരക്ടര്‍ മേജര്‍ ജാബിര്‍ ഹമൂദ് ജാബിര്‍ അല്‍നുഐമി പറഞ്ഞു. 2011ലാണ് ഇന്ററാപ സ്ഥാപിച്ചത്. അംഗരാജ്യങ്ങളിലെ പൊലീസ് അക്കാഡമികള്‍ തമ്മില്‍ വിവരങ്ങള്‍ കൈമാറുന്നതിനും വൈദഗ്ധ്യം പങ്കുവെക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇത് സ്ഥാപിച്ചത്. നിലവില്‍ 52 രാജ്യങ്ങളില്‍ നിന്നുള്ള 67 സ്ഥാപനങ്ങള്‍ ഇതില്‍ അംഗങ്ങളാണ്. തുര്‍ക്കി തലസ്ഥാനമായ അങ്കാറയാണ് സംഘടനയുടെ ആസ്ഥാനം.