ദോഹ: ഖത്തര്‍ വിമാനങ്ങള്‍ക്ക് സൗദിയുടെ നേതൃത്വത്തുള്ള സഖ്യരാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ ആകാശ വിലക്ക് നീക്കുന്നു. അടുത്ത 70 ദിവസത്തിന് അകം വ്യോമനിരോധം നീക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവ് അംബാസഡര്‍ റോബര്‍ട്ട് ഒബ്രിന്‍ വ്യക്തമാക്കി. ആഗോള സുരക്ഷാ ഫോറം 2020ത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലെ യുഎസ് ഭരണകൂടം അധികാരമൊഴിയുന്നതിന് മുമ്പു തന്നെ അതു സാധ്യമാകും. വ്യോമവിലക്ക് പരിഹരിച്ച് സൗദിയുടെയും ബഹ്‌റൈനിന്റെയും ആകാശത്തിലൂടെ ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍ക്ക് പറക്കാന്‍ കഴിയും. സമ്പൂര്‍ണ ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള ആദ്യപടിയാണിത്- അദ്ദേഹം പറഞ്ഞു.

‘ ഇതൊരു കുടുംബത്തിലെ തര്‍ക്കം പോലെയാണ്. അതു കൊണ്ടു തന്നെ പരിഹരിക്കാന്‍ കുറച്ചു ബുദ്ധിമുട്ടുണ്ടാകും. എന്നാല്‍ ഒരു മേശയ്ക്ക് ഇരുവശവും എല്ലാവരെയും കൊണ്ടുവരാനാണ് ഞങ്ങളുടെ ശ്രമം. അങ്ങനെ സംസാരിക്കണം. അക്കാര്യത്തില്‍ ജോലികള്‍ നടന്നു കൊണ്ടിരിക്കുകയാണ്. പ്രസിഡണ്ടിന്റെ ഓഫീസിലെ മുന്‍ഗണനാ പട്ടികയില്‍ തന്നെ ഇതുണ്ട്’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2017 ജൂണ്‍ അഞ്ചിന് പുലര്‍ച്ചെയാണ് സൗദിയുടെ നേതൃത്വത്തില്‍ യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാഷ്ട്രങ്ങള്‍ ഖത്തറിനെതിരെ വ്യാപാര-ഗതാഗത ഉപരോധം പ്രഖ്യാപിച്ചത്. ഉപരോധം അവസാനിപ്പിക്കാനായി നിരവധി മധ്യസ്ഥ ശ്രമങ്ങള്‍ നടന്നു എങ്കിലും അതൊന്നും യാഥാര്‍ത്ഥ്യമായിട്ടില്ല.