ദോഹ: 2022 ലോകകപ്പിനുള്ള തയാറെടുപ്പുകള്‍ക്ക് വേഗത കൂട്ടി ഖത്തര്‍. ഇതിന്റെ ഭാഗമായി പുതുതായി പണി ആരംഭിക്കുന്ന അല്‍ തുമാമ സ്റ്റേഡിയത്തിന്റെ മാതൃക ഖത്തര്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പുറത്തിറക്കി. അറബികളുടെ പരമ്പരാഗത തലപ്പാവ് ‘ഖാഫിയ’ മാതൃകയിലാണ് ആറാമത്തെ സ്റ്റേഡിയമായ അല്‍തുമാമ നിര്‍മിക്കുന്നത്.

ഖത്തറിലെ ചൂട് കാലാവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് സ്റ്റേഡിയം. 18 ഡിഗ്രി വരെ ഊഷ്മാവ് ക്രമീകരിക്കാവുന്ന രീതിയില്‍ എയര്‍ കണ്ടീഷനിങ് സൗകര്യത്തോട് കൂടിയായിരിക്കും 40,000 പേരെ ഉള്‍ക്കൊള്ളാവുന്ന അല്‍തുമാമ സ്റ്റേഡിയം. നേരത്തെ നാല് പരിശീലന പിച്ചുകള്‍ മാത്രമുണ്ടായിരുന്ന സ്ഥലത്ത് ഒരു ബൂട്ടിക് ഹോട്ടല്‍, പരിശീലന ഗ്രൗണ്ടുകള്‍, വോളിബോള്‍, ഹാന്‍ഡ്‌ബോള്‍, ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടുകള്‍, അക്വാട്ടിക് കേന്ദ്രം, കുതിരയോട്ടത്തിനും, ഓട്ടത്തിനും, സൈക്ലിങിനുമുള്ള ട്രാക്കുകള്‍ എന്നിവയും സ്‌റ്റേഡിയത്തിന്റെ ഭാഗമായുണ്ടാകും.


ലോകകപ്പിന് ശേഷവും സ്റ്റേഡിയം ദീര്‍ഘകാലത്തേക്ക് പ്രവര്‍ത്തിക്കാവുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്. ലോകകപ്പിനായി 41084 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഖത്തര്‍ പദ്ധതിയിടുന്നത്. മറ്റ് നാല് സ്റ്റേഡിയങ്ങള്‍ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ഫൈനല്‍ വേദിയടക്കം രണ്ട് സ്റ്റേഡിയങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നിന്നും നാല് മൈല്‍ അകലെയാണ് അല്‍തുമാമ സ്‌റ്റേഡിയം പണി കഴിപ്പിക്കുന്നത്. ലോകകപ്പ് വേദിയായ ഖലീഫ ഇന്റര്‍ നാഷണല്‍ സ്റ്റേഡിയം മെയില്‍ പണി പൂര്‍ത്തീകരിച്ചിരുന്നു. ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങളായിരിക്കും അല്‍തുമാമയില്‍ നടക്കുക. 80,000 പേരെ ഉള്‍ക്കൊള്ളാവുന്ന ലുസൈല്‍ സ്റ്റേഡിയത്തിലായിരിക്കും ലോകകപ്പിന്റെ ഉദ്ഘാചടനം നടക്കുക. ഇതിനു പുറമെ 2018 അവസാനത്തോടെ പണി പൂര്‍ത്തിയാവുന്ന അല്‍ ബയ്ത്ത്, അല്‍ വക്‌റഹ് സ്റ്റേഡിയങ്ങളും, 2019 ആദ്യത്തില്‍ പണി പൂര്‍ത്തീകരിക്കുമെന്ന് കരുതുന്ന അല്‍ റയ്യാന്‍ സ്റ്റേഡിയം, 2019 അവസാനത്തോടെ പണി പൂര്‍ത്തീകരിക്കുമെന്ന് കരുതുന്ന ഖത്തര്‍ ഫൗണ്ടേഷന്‍ സ്റ്റേഡിയം എന്നിവയാണ് ഇതിനോടകം പ്രഖ്യാപിച്ചിട്ടുള്ളത്. റാസ് അബൂ അബൗദ്, ലുസൈല്‍ സ്റ്റേഡിയങ്ങളുടെ പദ്ധതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഇത് താമസിയാതെ ഉണ്ടാകും. 80,000 പേരെ ഉള്‍ക്കൊള്ളാവുന്ന രീതിയില്‍ വിപുലമായ സൗകര്യത്തോടെയായിരിക്കും ലുസൈല്‍ സ്‌റ്റേഡിയത്തിന്റെ നിര്‍മാണമെന്നാണ് വിവരം. പണി പൂര്‍ത്തീകരിച്ച ഖലീഫ സ്റ്റേഡിയത്തിനു പുറമെയുള്ള എല്ലാ സ്‌റ്റേഡിയങ്ങളുടേയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.