മുംബൈ: വിശുദ്ധ ഖുര്‍ആനിലെ 26 സൂക്തങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ഉത്തര്‍പ്രദേശ് ശിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വസീം റിസ്‌വിയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. നടപടിക്കെതിരെ മുസ്‌ലിം സംഘടനകള്‍ കനത്ത പ്രതിഷേധം അറിയിച്ചു. കേസ് അടിയന്തരമായി തള്ളണമെന്നും ആവശ്യപ്പെട്ടും പ്രതിക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുസ്‌ലിം വിഭാഗം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

കേസ് അടിയന്തരമായി തള്ളണം. ഖുര്‍ആന്‍ ഒരിക്കലും അക്രമത്തിന് പ്രേരിപ്പിക്കുന്നില്ലെന്ന് അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ മഹ്മൂദ് ദയാബാദി പറഞ്ഞു. ശിയ സുന്നി വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനാണ് റിസ്‌വി ശ്രമിക്കുന്നതെന്ന് സന്നദ്ധ പ്രവര്‍ത്തകന്‍ അബ്ബാസ് കാസ്മി പറഞ്ഞു.

ഖുര്‍ആനിലെ 26 സൂക്തങ്ങള്‍ ആദ്യ മൂന്നു ഖലീഫമാര്‍ ചേര്‍ത്തതാണെന്നും അധികാരമുറപ്പിക്കല്‍ മാത്രമായിരുന്നു ഇവരുടെ ലക്ഷ്യമെന്നും ആരോപിച്ചായിരുന്നു റിസ്‌വിയുടെ ഹര്‍ജി. ഇവ ഹിംസക്ക് പ്രോത്സാഹനം നല്‍കുന്നതാണെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ ഹര്‍ജി ഇതുവരെ സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചിട്ടില്ല.