ന്യൂഡല്‍ഹി: പാക്കിസ്താന്‍ മുന്‍ ക്രിക്കറ്റ് താരവും രാഷ്ട്രീയ നേതാവുമായ ഇമ്രാന്‍ ഖാനിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഭാര്യ റെഹം ഖാന്‍. ഇമ്രാന് അവിഹിത ബന്ധത്തില്‍ അഞ്ച് മക്കളുണ്ടെന്നും അതില്‍ ചിലര്‍ ഇന്ത്യക്കാരാണെന്നും റെഹം പറയുന്നു. തന്റെ ഓട്ടോബയോഗ്രഫിയിലൂടെയാണ് റെഹത്തിന്റെ വെളിപ്പെടുത്തല്‍. ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

ഇമ്രാന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ട്. വിവിധ അവിഹിത ബന്ധങ്ങളിലായി അഞ്ചുമക്കളുമുണ്ട്. അതില്‍ ചിലര്‍ ഇന്ത്യയിലാണെന്ന് തന്നോട് പറഞ്ഞിരുന്നതായും റെഹം പറയുന്നു. ദാമ്പത്യം തകരാതെ സൂക്ഷിക്കാന്‍ ഇതിനെക്കുറിച്ച് പുറത്തുപറയരുതെന്ന് ആ സ്ത്രീകള്‍ ഇമ്രാനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് റെഹം പറയുന്നത്. ഇതില്‍ മൂത്ത മകന് 34 വയസ് പ്രായം കാണും. കൂടാതെ ഇമ്രാന്‍ സ്വവര്‍ഗ്ഗാനുരാഗിയാണെന്നും മുന്‍ ഭാര്യ പറയുന്നുണ്ട്. സെക്‌സ്, ഡ്രഗ്, റോക്ക് ആന്‍ റോള്‍ എന്നാണ് ഇമ്രാന്റെ ജീവിതത്തെക്കുറിച്ച് അവര്‍ വിശേഷിപ്പിച്ചത്.

റെഹം ഖാന്‍ എന്ന പേരിലാണ് പുസ്തകം പുറത്തിറങ്ങിയിരിക്കുന്നത്. ഇമ്രാനുമായുള്ള 10 മാസത്തെ വിവാഹജീവിതവും ആ സമയത്തെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഇടപെടലുകളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ വ്യക്തിപരമായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഇതിലുണ്ട്.

2015- ലാണ് ടെലിവിഷന്‍ അവതാരികയായ റെഹം ഖാന്‍ ഇമ്രാനെ വിവാഹം കഴിക്കുന്നത്. 10 മാസത്തിന് ശേഷം അവര്‍ വിവാഹ മോചിതരായി. തന്റെ തെറ്റുകള്‍ തുറന്നു പറയുകയാണ് ഈ പുസ്തകത്തിലൂടെയെന്നാണ് റെഹം പറയുന്നത്. ആ മനുഷ്യനെ താന്‍ എന്തിനാണ് വിവാഹം കഴിക്കുന്നത് എന്ന് പറയുന്നതിലൂടെ പെണ്‍കുട്ടികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്. വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ ഇത് സഹായകമായിരിക്കുമെന്നും റെഹം കൂട്ടിച്ചേര്‍ത്തു.