കൊച്ചി: ശബരിമല ദര്‍ശനത്തിന് പോയ ബിഎസ്എന്‍എല്‍ ജീവനക്കാരി രഹ്ന ഫാത്തിമയുടെ വീട് ആക്രമിച്ച കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി കടവന്ത്ര ഏരിയ പ്രസിഡന്റ് വിദ്യാ മന്ദിര്‍ റോഡ് ഭാവന്‍സ് പുലിമുറ്റത്ത് പറമ്പ് വീട്ടില്‍ പി.എ.ബിജുവിനെയാണ് (47) എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. രഹ്ന താമസിക്കുന്ന പനമ്പിള്ളി എസ്ബിഐ അവന്യുവിലെ ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്സില്‍ കഴിഞ്ഞ 19ന് രാവിലെ ഏഴരയോടെയായിരുന്നു ആക്രമണം. സ്‌കൂട്ടറിലെത്തിയ രണ്ടംഗ സംഘം തിരിച്ചറിയാതിരിക്കാന്‍ ഹെല്‍മറ്റ് ധരിച്ചാണ് ക്വാര്‍ട്ടേഴ്സ് വളപ്പില്‍ പ്രവേശിച്ചത്. കല്ലും വടികളും ഉപയോഗിച്ചായിരുന്നു ആക്രമണം.
ജനാല ചില്ലുകളും ചെടിച്ചട്ടികളും അടിച്ചു തകര്‍ക്കുകയും വരാന്തയില്‍ ഉണ്ടായിരുന്ന കസേരകളും വ്യായാമത്തിനുള്ള സൈക്കിളും തുണിത്തരങ്ങളും ചെരിപ്പുകളും നശിപ്പിക്കുകയും ചെയ്തു. സംഭവം നടന്ന് നാലു ദിവസം കഴിഞ്ഞിട്ടും പ്രതികളെ തിരിച്ചറിയാന്‍ പൊലീസിന് സാധിച്ചിരുന്നില്ല. ഇന്നലെ ചോദ്യം ചെയ്യാന്‍ നിരവധി ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതോടെയാണ് ബിജു പിടിയിലായത്. പ്രതികള്‍ സഞ്ചരിച്ച സ്‌കൂട്ടറും ബിജു ധരിച്ച ഹെല്‍മറ്റും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബിജെപി പ്രവര്‍ത്തകനായ അജീഷാണ് ഒപ്പമുണ്ടായിരുന്നതെന്ന് ഇയാള്‍ സമ്മതിച്ചു. അജീഷിന് വേണ്ടി അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.