മീറത്ത്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പു എന്നു വിളിച്ച പ്രാദേശിക നേതാവ് വെട്ടില്‍. മീററ്റിലെ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിനയ് പ്രധാനാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ രാഹുലിനെ അധിക്ഷേപിച്ചത്.

മധ്യപ്രദേശിലെ കര്‍ഷകരുടെ പ്രതിഷേധത്തില്‍ ഇടപ്പെട്ട രാഹുലിന്റെ പ്രവര്‍ത്തനത്തെ പ്രകീര്‍ത്തിക്കുന്നതിനിടെയാണ് വിനയ് പപ്പുവെന്ന പദം ഉപയോഗിച്ചത്.

സാധാരണ രാഹുലിനെ ഇടിച്ചു താഴ്ത്തി സമൂഹമാധ്യങ്ങളിലൂടെ പ്രചാരണം നടത്തുന്നവരാണ് പപ്പുവെന്ന പദം ഉപയോഗിക്കാറുള്ളത്.

രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി വിനയ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അയച്ച സന്ദേശം:

സ്വന്തം താല്‍പര്യത്തേക്കാള്‍ രാഹുല്‍ പ്രാധാന്യം നല്‍കുന്നത് രാജ്യ താല്‍പര്യത്തിനാണ്. അദാനി, അംബാനി, മല്യ എന്നിവര്‍ക്കൊപ്പം പപ്പുവിനു ചേരാമായിരുന്നെങ്കിലും അദ്ദേഹം അത് ചെയ്തില്ല.

മന്ത്രിയോ പ്രധാനമന്ത്രിയോ ഉള്‍പ്പെടെ സ്ഥാനമാനങ്ങള്‍ ലഭിക്കുമായിരുന്നിട്ടും പപ്പു ആ വഴിക്ക് പോയില്ല.

സാധാരണക്കാരായ ജനങ്ങള്‍ക്കൊപ്പമാണ് അദ്ദേഹം. മധ്യപ്രദേശിലെ കര്‍ഷകരുടെ പ്രശ്‌നത്തില്‍ ഇടപെട്ടത് ഇതിനു തെളിവാണെന്നും സന്ദേശത്തില്‍ പറയുന്നു.

എന്നാല്‍ ഇതുസംബന്ധിച്ച ആരോപണം വിനയ് പ്രധാന്‍ നിഷേധിച്ചു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ ഫോട്ടോഷോപ്പ് ചെയ്തവയാണെന്ന് വിനയ് പ്രതികരിച്ചു.