പമ്പയില്‍ ബുധനാഴ്ച അറസ്റ്റിലായ അയ്യപ്പധര്‍മ സേവാ സംഘം പ്രസിഡന്റ് രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. പത്തനംതിട്ട ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യാപേക്ഷ മാറ്റി. പോലീസ് റിപ്പോര്‍ട്ട് കിട്ടാത്തതിനാലാണ് ജാമ്യാപേക്ഷ മാറ്റിയത്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട രാഹുല്‍ കൊട്ടാരക്കര സബ്ജയിലിലാണ് ഇപ്പോഴുള്ളത്. ജയിലില്‍ നിരാഹാര സമരത്തിലുള്ള രാഹുലിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് ബന്ധുക്കള്‍ കോടതിയെ അറിയിച്ചു. വൈദ്യ സഹായം നല്‍കുന്നതിനായി രാഹുലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ഉടന്‍ തന്നെ മാറ്റിയേക്കും.

നിയമവിരുദ്ധമായി സംഘടിക്കുക, ലഹളയിലേര്‍പ്പെടുക, കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ സംഘംചേരുക, ഉദ്യോഗസ്ഥരുടെ കര്‍ത്തവ്യനിര്‍വഹണത്തെ തടസ്സപ്പെടുത്തുക എന്നീ വകുപ്പുകളിലാണ് രാഹുലിന്റെ പേരില്‍ കേസെടുത്തിട്ടുള്ളത്.ര