പനാജി: ഗോവയില്‍ പുതുവത്സരം ആഘോഷിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമ്മ സോണിയ ഗാന്ധിയോടൊപ്പമാണ് രാഹുല്‍ പുതുവത്സരം വരവേറ്റത്.

ഡിസംബറില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ സോണിയ ഗോവയിലേക്കാണ് യാത്രതിരിച്ചത്. അമ്മയോടൊപ്പം പുതുവത്സരം ആഘോഷിക്കാനാണ് രാഹുല്‍ ഗോവയിലെത്തിയതെന്ന് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച സൗത്ത് ഗോവയിലെ മോബറിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലാണ് രാഹുലും സോണിയയുമൊത്ത് പുതുവര്‍ഷം ആഘോഷിച്ചത്. തികച്ചും സ്വകാര്യമായ ചടങ്ങിലായിരുന്നു ആഘോഷം.

ഡിസംബര്‍ 26നാണ് സോണിയാ ഗാന്ധി ഗോവയിലേക്ക് അവധി ആഘോഷിക്കാനായി പൊയത്. ബീച്ച് റിസോര്‍ട്ടില്‍ സൈക്കിള്‍ ഓടിക്കുന്ന സോണിയയുടെ ചിത്രം നേരത്തെ പുറത്തു വന്നിരുന്നു.


അതിനിടെ ഇന്നലെ ട്വിറ്ററിലുടെ രാഹുല്‍ പുതുവത്സര ആശംസ നേര്‍ന്നു.