ഛത്തീസ്ഗഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി. സി.ബി.ഐയെ പൊളിച്ചടുക്കിയതിലും ഫ്രാന്‍സുമായുള്ള റാഫേല്‍ ഇടപാടിലും 15 മിനിറ്റെങ്കിലും സംവാദത്തിന് മോദി തയാറാകുമോയെന്നാണ് രാഹുലിന്റെ വെല്ലുവിളി. തെരഞ്ഞെടുപ്പ് അടുത്ത ഛത്തീസ്ഗഡിലെ അംബികാപൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രിക്ക് മറുപടിയുണ്ടാകില്ലെന്നും രാഹുല്‍ പറഞ്ഞു.

ഞാന്‍ മോദിയെ വെല്ലുവിളിക്കുകയാണ്, റാഫേല്‍ ഇടപാട് വിവാദത്തില്‍ 15 മിനിറ്റെങ്കിലും സംവാദത്തിന് നിങ്ങള്‍ തയാറുണ്ടോ? വേദി എവിടെ ആയാലും എപ്പോള്‍ ആയാലും ഞാന്‍ ഒരുക്കമാണ്. ഞാന്‍ അനില്‍ അംബാനിയെ കുറിച്ചും എച്ച്.എ.എല്‍, ജെറ്റിന്റെ വില സംബന്ധിച്ച് ഫ്രഞ്ച് പ്രസിഡന്റ് നടത്തിയ പ്രസ്താവനയെക്കുറിച്ചുമൊക്കെ സംസാരിക്കും. കരാറുണ്ടാക്കിയത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കിയതിനെ കുറിച്ചും സംസാരിക്കും. നടപടിക്രമങ്ങള്‍ പ്രധാനമന്ത്രി പാലിക്കാറില്ല. പുലര്‍ച്ചെ രണ്ടു മണിക്കാണ് സി.ബി.ഐ ഡയറക്ടറുടെ കസേര തെറുപ്പിച്ചത്. മോദിക്ക് എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയില്ല. രാഹുല്‍ ഗാന്ധി പറഞ്ഞു. ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ പത്തു ദിവസത്തിനുള്ളില്‍ കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുമെന്ന് രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തു. സത്യസന്ധരായ സാധാരണക്കാരെ രണ്ടു വര്‍ഷം മുമ്പ് മോദി ദുരിതത്തിലാക്കി. പണക്കാരുടെ തോഴനായി. പണക്കാരുടെ 3.5 ലക്ഷം കോടി രൂപ വരുന്ന കിട്ടാക്കടം എഴുതിത്തള്ളി മോദി കഴിവ് തെളിയിച്ചു. പക്ഷേ പാവപ്പെട്ട കര്‍ഷകരെ അങ്ങേയറ്റം തഴഞ്ഞുകളഞ്ഞുവെന്നും രാഹുല്‍ തുറന്നടിച്ചു.