ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിയമിക്കുന്നതിനുള്ള ഔദ്യോഗിക നടപടികള്‍ ഇന്ന് പൂര്‍ത്തിയാകും. അധികാരമേല്‍ക്കുന്നതിന് രാഹുലിന് മുന്നിലുള്ള കടമ്പകള്‍ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ ഇന്ന് തീരും. ഇന്ന് വൈകുന്നേരം മൂന്നുവരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം. വേറെ ആരും നാമനിര്‍ദ്ദേശ പത്രിക നല്‍കാത്തതിനാല്‍ രാഹുല്‍ ഗാന്ധി അദ്ധ്യക്ഷനായ വിവരം കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിക്കും. അധ്യക്ഷനായി രാഹുല്‍ ഗാന്ധി 16ന് ചുമതലയേല്‍ക്കും. ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ ഗുജറാത്തിലായതിനാലാണിത്.

രാഹുല്‍ഗാന്ധിയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങ് വിപുലമായി ആഘോഷിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇതിനായുളള ഒരുക്കത്തിലാണ് എഐ.സി.സി ആസ്ഥാനം. മോടിപിടിപ്പിക്കുന്നതുള്‍പ്പെടെയുള്ള ജോലികള്‍ ഇവിടെ തുടങ്ങിയിരിക്കുകയാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ഗാന്ധി അധികാരമേല്‍ക്കുന്നത് ഏറെ പ്രധാന്യത്തോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്.