അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മൂന്നു ദിവസത്തെ പര്യടനം ഇന്ന് തുടങ്ങും. പട്ടേല്‍, ഒ.ബി.സി വിഭാഗങ്ങള്‍ ധാരാളമുള്ള ബി.ജെ.പി ശക്തികേന്ദ്രമായ വടക്ക് ഗുജറാത്തിലൂടെയാണ് രാഹുലിന്റെ യാത്ര. ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി നടത്തുന്ന നാലാം ഘട്ടയാത്രയാണിത്. രാവിലെ ഗാന്ധി നഗറില്‍ ചിലോഡയിലെ പൊതുയോഗത്തിലാണ് ആദ്യം പങ്കെടുക്കുക.

ഗാന്ധിനഗര്‍, സാബര്‍കാന്ത, ബാനസ്‌കന്ത എന്നീ ജില്ലകളിലൂടെയാണ് ആദ്യദിനത്തിലെ പര്യടനം. പാട്ടിദാര്‍ സമുദായവും കോണ്‍ഗ്രസും തമ്മിലുള്ള ചര്‍ച്ച ഈ മൂന്ന് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയായേക്കും. നേരത്തെ സൗരാഷ്ട്രയിലും ദക്ഷിണ ഗുജറാത്തിലും നടത്തിയ പര്യടനങ്ങള്‍ വന്‍ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തമാസം നടക്കാനിരിക്കെയാണ് രാഹുല്‍ഗാന്ധിയുടെ പര്യടനം നടക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന സര്‍വ്വേയില്‍ ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ്സിന് മുന്നേറ്റം ലഭിക്കുമെന്നായിരുന്നു പ്രവചനം. അതേസമയം, ബി.ജെ.പി തന്നെ അധികാരത്തില്‍ വരുമെന്ന് സര്‍വ്വേ പറയുന്നു.
.