കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. ഇന്ന് രാവിലെ 11. 15ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂരില്‍ വിമാനമിറങ്ങും. രാജ്യത്ത് കോവിഡ് വ്യപനം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ വിലയിരുത്താനായാണ് സ്ഥലം എംപി വയനാട്ടിലേക്ക് എത്തുന്നത്.

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശന വിവരം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഐസി ബാലകൃഷ്ണനാണ് അറിയിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ രാഹുലിനെ സ്വീകരിക്കാന്‍ കരിപ്പൂരിലെത്തും. മൂന്ന് ദിവസം രാഹുല്‍ കേരളത്തിലുണ്ടാകും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം ശ്രദ്ധയൂന്നാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുക. ഇന്ന് മലപ്പുറം കലക്ടറേറ്റിലെത്തുന്ന രാഹുല്‍ പന്ത്രണ്ടര മുതല്‍ ഒന്നര വരെ കോവിഡ് അവലോകന യോഗത്തില്‍ പങ്കെടുക്കും. വയനാട് ലോക്‌സഭ മണ്ഡലത്തിന്റെ ഭാഗമായ മലപ്പുറം ജില്ലയിലെ 3 നിയമസഭ മണ്ഡലങ്ങളിലെ എം.പി ഫണ്ട് വിനിയോഗവും വിലയിരുത്തും. മലപ്പുറം ഗസ്റ്റ് ഹൗസിലാണ് ഉച്ചഭക്ഷണം. രണ്ടരക്ക് വയനാട്ടിലേക്ക് തിരിക്കും.

20ന് വയനാട് കലക്ടറേറ്റിലെ കോവിഡ് അവലോകന യോഗത്തില്‍ പങ്കെടുത്തശേഷം കല്‍പ്പറ്റ ഗസ്റ്റ് ഹൗസിലേക്ക് തന്നെ മടങ്ങും. 21ന് മാനന്തവാടിയിലെ ജില്ലാ ആശുപത്രി സന്ദര്‍ശിച്ച ശേഷമാവും കണ്ണൂര്‍ വിമാനത്താവളം വഴി പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് മടങ്ങുക. വയനാട്ടില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് അനുമതി നിഷേധിച്ച വിവാദങ്ങള്‍ക്കിടെയാണ് രാഹുല്‍ കേരളത്തിലെത്തുന്നത്. അതേസമയം, വിവാദ വിഷയങ്ങളില്‍ രാഷ്ട്രീയ പ്രസ്താവനകളൊന്നും രാഹുല്‍ തയാറാവില്ലെന്നാണ് സൂചന. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാഹുലിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പൊതുപരിപാടികള്‍ സംഘടിപ്പിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനം.

മോദി സര്‍ക്കാറിന് മുന്നില്‍ കോവിഡിന്റെ ഗുരുതരാവസ്ഥയെ കുറിച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ മുന്നറിയിപ്പ് നല്‍കിയ കോണ്‍ഗ്രസ് നേതാവ് എട്ട് മാസത്തിനു ശേഷമാണ് വയനാട്ടിലേക്ക് എത്തുന്നത്. കോവിഡ് പ്രതിസന്ധിയുടെ സമയത്ത് വയനാട്ടിലെത്താന്‍ ആഗ്രഹിച്ചെങ്കിലും ലോക്ഡൗണും പിന്നാലെയുണ്ടായ സാഹചര്യങ്ങളും അനുകൂലമല്ലാത്തതുകൊണ്ട് എത്താനായില്ല. ജനുവരിയിലാണ് രാഹുല്‍ അവസാനമായി വയനാട്ടിലെത്തിയത്.

ബുധനാഴ്ച രാഹുല്‍ ബീഹാറിലേക്ക് തിരിക്കുമെന്നാണ് വിവരം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് രാഹുല്‍ ബീഹാറിലേക്ക് പോകുന്നത്. സംസ്ഥാനത്ത് എത്തുന്ന അദ്ദേഹം ആറ് പ്രചാരണ റാലികളില്‍ പങ്കെടുക്കും. ഇതിന് പുറമേ ബഗല്‍പൂരിലെ ഖല്‍ഗാവ്, നവാഡയിലെ ഹിസ്വാ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കും രാഹുല്‍ തുടക്കം കുറിക്കും. സാഹചര്യങ്ങള്‍ക്കനുസരിച്ച് രാഹുലിനെ കൂടുതല്‍ തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുപ്പിക്കാനാണ് പ്രവര്‍ത്തകരുടെ ആലോചന.