ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. സുപ്രീംകോടതിയിലും ഹൈക്കോടതിയിലും ജഡ്ജിമാരെ നിയമിക്കാതെ മോദി സര്‍ക്കാര്‍ കേസ് തീര്‍പ്പാക്കുന്നത് വൈകിപ്പിക്കുകയാണെന്ന് രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.

സുപ്രീംകോടതി ജഡ്ജിയായി ജസ്റ്റിസ് കെ.എം ജോസഫിന്റെ നിയമനം അംഗീകരിക്കാതിരിക്കുന്നത് നരേന്ദ്രമോദിയുടെ ദുരഭിമാനം കൊണ്ടാണെന്ന് അദ്ദേഹം ആരോപിച്ചു. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം.

കോടതികളില്‍ ലക്ഷകണക്കിന് കേസുകള്‍ കെട്ടിക്കിടക്കുമ്പോഴും നൂറുകണക്കിന് ജഡ്ജിമാരുടെ നിയമനം കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ലഭിക്കാത്തതിനാലാണ് വൈകുന്നത്. മോദിയുടെ ദുരഭിമാനമാണ് കെ.എം ജോസഫിന്റെ നിയമനം നീളാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

ജുഡീഷ്യല്‍ ഡിമോണെറ്റൈസ്ഡ് എന്ന ഹാഷ് ടാഗോടെയാണ് രാഹുല്‍ഗാന്ധി ട്വിറ്റ് ചെയ്തത്.