ന്യൂഡല്‍ഹി: അഴിമതിയുടെ പ്രതിരൂപമാണ് പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സുഖ്ബീറിനെപോലുള്ളവര്‍ക്ക് വോട്ടുചോദിക്കുന്നതിലൂടെ അഴിമതിക്കെതിരായ നിലപാടിലെ മോദിയുടെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

പഞ്ചാബിന്റെ പ്രധാന വരുമാന മാര്‍ഗമായ ബസുമതിയുടെ വില കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ ക്വിന്റലിന് 4,000 രൂപയായിരുന്നു. അകാലിദള്‍- ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ അത് 2,000 ആയി കുറഞ്ഞു. സ്വന്തം ബിസിനസ് താല്‍പര്യങ്ങള്‍ക്കു വേണ്ടി ബാദല്‍ കുടുംബം മറ്റെല്ലാ വ്യവസായങ്ങളെയും തകര്‍ക്കുകയാണ്. ബാദല്‍ കുടുംബത്തിന് ഓഹരി പങ്കാളിത്തമില്ലാത്ത ബിസിനസ് സംരംഭങ്ങള്‍ ഇന്ന് പഞ്ചാബിലില്ല. അഴിമതിയുടെ കൂത്തരങ്ങായി സംസ്ഥാന സര്‍ക്കാര്‍ മാറിയെന്നും രാഹുല്‍ ആരോപിച്ചു.
പൊള്ളയായ വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് ഒരിക്കലും ജനങ്ങള്‍ക്ക് നല്‍കാറില്ലെന്ന് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യ സുരക്ഷാ പദ്ധതി എന്നിവ ചൂണ്ടിക്കാട്ടി രാഹുല്‍ പറഞ്ഞു. പഞ്ചാബിന്റെ പരിവര്‍ത്തനത്തിന് കോണ്‍ഗ്രസിന് വോട്ടു ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.