കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോക്കിടയില്‍ പരിക്ക് പറ്റിയ മാധ്യമ പ്രവര്‍ത്തകനെ ഹോസ്പിറ്റലിലേക്ക് നീക്കാന്‍ ശ്രമിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. മാധ്യമ പ്രവര്‍ത്തകന്റെ ഷൂസും കൈയില്‍ പിടിച്ചു അനുഗമിക്കുന്ന പ്രീയങ്ക ഗാന്ധിയേയും ദൃശ്യങ്ങളില്‍ കാണാം. യൂത്ത് കോണ്‍ഗ്രസ് കണിയാംപറ്റ മണ്ഡലം സെക്രട്ടറി നീജാബിന്റെ വീഡിയോയില്‍ പതിഞ്ഞതാണ് ദൃശ്യങ്ങള്‍. കളക്ട്രേറ്റിലെത്തിനാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചതിനു ശേഷമായിരുന്നു റോഡ് ഷോ. ദൃശ്യങ്ങള്‍ ഇതിനോടകം സാമൂഹ്യമാധ്യങ്ങളില്‍ പ്രചരിച്ചു കഴിഞ്ഞു.


അരലക്ഷത്തോളം പ്രവര്‍ത്തകരാണ് വയനാട്ടില്‍ രാഹുലിനെ സന്ദര്‍ശിക്കാനെത്തിയിരുന്നത്. യു.ഡി.എഫ് നേതാക്കള്‍ ഇരുവരേയും അനുഗമിച്ചു. തുറന്ന വാഹനത്തിലാണ് രാഹുലും പ്രിയങ്കയും യു.ഡി.എഫ് നേതാക്കളും കളക്ട്രേറ്റിലെത്തിയത്.

കളക്ട്രേറ്റിന് മുന്നില്‍ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരിക്കുകയാണ്. കല്‍പ്പറ്റ ടൗണിലേക്കാണ് റോഡ്‌ഷോ നടന്നത്. നേരത്തെ, രണ്ടുമണിക്കൂറാണ് റോഡ് ഷോ തീരുമാനിച്ചിരുന്നത്. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങളാണ് അത് ഒരു കിലോമീറ്ററായി വെട്ടിച്ചുരുക്കുകയായിരുന്നു. നേരത്തെ, തീരുമാനിച്ച വഴിയിലൂടെയല്ല രാഹുല്‍ പുറത്തുവന്നതെന്നും വിവരമുണ്ട്.