വയനാട്: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ തന്നെ ജയിപ്പിച്ച ജനങ്ങള്‍ക്ക് നന്ദി അറിയിക്കാന്‍ എത്തിയ രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിലെ മൂന്നു ദിവസത്തെ പരിപാടികള്‍ അവസാനിച്ചു. തിരുവമ്പാടി മണ്ഡലത്തിലെ മുക്കത്തായിരുന്നു അവസാന റോഡ്‌ഷോ പരിപാടി. നൂറുകണക്കിന് ആളുകളാണ് മുക്കത്തെ റോഡ്‌ഷോയില്‍ പങ്കെടുത്തത്.

ഇന്നു രാവിലെ ഈങ്ങാപ്പുഴയിലായിരുന്നു ആദ്യത്തെ റോഡ്‌ഷോ. നരേന്ദ്ര മോദിയുടെ വിഭജന രാഷ്ട്രീയത്തിന് ഇന്ത്യ വലിയ വില കൊടുക്കേണ്ടി വരുമെന്ന് രാഹുല്‍ പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ച ഒരു രാജ്യവും പുരോഗതിയിലെത്തിയിട്ടില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മൂന്നു ദിവസങ്ങളിലായി വയനാട്ടിലും മലപ്പുറത്തും കോഴിക്കോടും നിരവധി റോഡ്‌ഷോകളില്‍ പങ്കെടുത്താണ് രാഹുല്‍ മടങ്ങുന്നത്.

”കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഞാന്‍, പക്ഷേ വയനാട്ടിലെ ഏത് പൗരന്‍മാര്‍ക്കും ഏത് പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ക്കും എന്റെ ഓഫീസിന്റെ വാതില്‍ തുറന്നു കിടക്കു”മെന്ന് ഇന്നലെ വയനാട്ടില്‍ നടന്ന റോഡ് ഷോയില്‍ രാഹുല്‍ പറഞ്ഞിരുന്നു.

അതേസമയം വയനാടിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പു നല്‍കിയതായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അറിയിച്ചു. രാത്രിയാത്രാ നിരോധനം, വയനാടിലേക്ക് റെയില്‍വെ, ആദിവാസി-കര്‍ഷക പ്രതിസന്ധികള്‍ തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചെന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കി.