രാഹുൽഗാന്ധി എം പി ഈമാസം 27 മുതൽ ദ്വിദിന സന്ദർശനത്തിനായി കേരളത്തിലെത്തും. 27ന് അദ്ദേഹത്തിന്റെ പാർലമെന്റ് മണ്ഡലമായ വയനാട്ടിലെത്തുന്ന രാഹുൽ 28ന് വയനാട് ജില്ലയിൽ വിവിധ പരിപാടികളിൽ സംബന്ധിക്കും. ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലുമുള്ള പൗരപ്രമുഖർ, മതസാമൂദായിക, സാമൂഹ്യ, സാംസ്‌ക്കാരിക, വ്യാപാര, കർഷക നേതാക്കളുമായി കൂടിയാലോചന നടത്തുമെന്ന് വയനാട് യു ഡി എഫ് കൺവീനർ എൻ.ഡി അപ്പച്ചൻ അറിയിച്ചു.

ഏപ്രിൽ അവസാനത്തോടെ സംസ്ഥാനത്ത് തെരഞ്ഞെടുത്ത് പ്രഖ്യാപനം വരുന്നതിനാൽ രാഹുലിന്റെ സന്ദർശനം സംസ്ഥാനത്ത് യു.ഡി.എഫ് കേന്ദ്രങ്ങളിൽ വലിയ ആവേശമുണ്ടാക്കും. രാഹുലിന്റെ സന്ദർശനത്തിന് മുന്നോടിയായി വയനാട് ജില്ലാ യു ഡി എഫ് കമ്മിറ്റി ഇന്നലെ കൽപ്പറ്റ ലീഗ് ഹൗസിൽ യോഗം ചേർന്ന്, നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് പരിപാടികൾ ആവിഷ്‌ക്കരിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനുവരി 21ന് മൂന്ന് നിയോജകമണ്ഡലങ്ങളിലും കൺവെൻഷനുകൾ നടക്കും. ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കൽപ്പറ്റ, മാനന്തവാടി, സുൽത്താൻബത്തേരി എന്നിവിടങ്ങളിൽ നിയോജകമണ്ഡലതലത്തിൽ ധർണ സംഘടിപ്പിക്കും.

ബൂത്തുതല യു ഡി എഫ് കൺവെൻഷനുകൾ ജനുവരി 31നുള്ളിൽ പൂർത്തിയാക്കും. യു ഡി എഫ് അധികാരത്തിൽ വന്നാൽ ഗവ. മെഡിക്കൽ കോളേജ് മടക്കിമലയിൽ തന്നെ സ്ഥാപിക്കും, വയനാട് റെയിൽപാത, വന്യമൃഗശല്യം, ചുരംബദൽപാത, രാത്രിയാത്രാ നിരോധനം എന്നിങ്ങനെ അടിയന്തര പ്രാധാന്യമുള്ള വയനാടിന്റെ വിഷയങ്ങളിൽ മുന്തിയ പരിഗണന നൽകുവാനും യോഗത്തിൽ തീരുമാനിച്ചു.