കൽപ്പറ്റ: കേരളത്തിൽ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ വയനാട്ടിൽ സർക്കാർ മെഡിക്കൽ കോളജ് സ്ഥാപിക്കുമെന്ന് രാഹുൽ ഗാന്ധി എം.പി. കൽപ്പറ്റ നിയോജക മണ്ഡലം യു.ഡി.എഫ് കൺവൈൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. മെഡിക്കൽ കോളജ് വിഷയത്തിൽ ഇടതുസർക്കാരിന് മെല്ലപ്പോക്കാണ്. അധികാരത്തിലെത്തിയാൽ വയനാട്ടിലെ പാവപ്പെട്ട ജനങ്ങൾക്കായി മികച്ച നിലവാരമുള്ള മെഡിക്കൽ കോളജ് തന്നെ സർക്കാർ തലത്തിൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങൾക്ക് വേണ്ടിയുള്ള പ്രകടന പത്രികയുമായാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുക. യുവാക്കൾക്കും സ്ത്രീകൾക്കും മികച്ച പ്രാതിനിധ്യം ഉറപ്പാക്കും. സ്ഥാനാർത്ഥി നിർണയം സുതാര്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് യു.ഡി.എഫ് പ്രവർത്തകരെ രാഹുൽ അഭിനന്ദിച്ചു. നിങ്ങളുടെ കഠിനാധ്വാനവും പ്രതിബന്ധതയുമില്ലാതെ ഈ വിജയം സാധ്യമാവില്ലായിരുന്നു. രാഹുൽ പറഞ്ഞു.

കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൽപ്പറ്റ നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ റസാഖ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു. കൺവീനർ പി.പി ആലി സ്വാഗതം പറഞ്ഞു. എ. ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി, വയനാട് ജില്ലാ യു.ഡി.എഫ് ചെയർമാൻ പി.പി.എ കരീം, കൺവീനർ എൻ.ഡി അപ്പച്ചൻ സംസാരിച്ചു.