മലപ്പുറം: പാണ്ടിക്കാട്: മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ ഷമീറിനെ സിപിഎം പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. പിണറായി ഭരണത്തിന്റെ തണലില്‍ ഇത് രണ്ടാമത്തെ കൊലപാതകമാണ് മലപ്പുറം ജില്ലയില്‍ മാത്രം സിപിഎം നടത്തിയതെന്ന് ഫിറോസ് പറഞ്ഞു. കണ്ണൂര്‍ മോഡല്‍ അക്രമ രാഷ്ട്രീയം മലപ്പുറം ജില്ലയിലേക്കും വ്യാപിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും പികെ ഫിറോസ്.

അതേ സമയം കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് സംസ്ഥാന വ്യാപകമായി പഞ്ചായത്ത് തലങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്താനും പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.

പാണ്ടിക്കാട് ആര്യാടന്‍ വീട്ടില്‍ മുഹമ്മദ് സമീര്‍ (26) സിപിഎം പ്രവര്‍ത്തകരുടെ കുത്തേറ്റ് കൊല്ലപ്പെട്ടത്. ബുധനാഴ്ച്ച രാത്രി 11 മണിയോടെ പാണ്ടിക്കാട് ഒറവമ്പുറത്ത് അങ്ങാടിയില്‍ സംഘര്‍ഷമുണ്ടായിരുന്നു. അടിപിടിക്കിടെ ലീഗ് പ്രവര്‍ത്തകനായ ഉമ്മറിന് പരുക്കേറ്റപ്പോള്‍ സമീപത്തുണ്ടായിരുന്ന സമീര്‍ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ കുത്തേല്‍ക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ സമീറിനെ പെരിന്തമല്‍ണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരിച്ചത്.