Connect with us

More

കാത്തിരുന്ന പടിയേറ്റം

Published

on

 

ന്യൂഡല്‍ഹി: പാര്‍ട്ടി അധ്യക്ഷ പദവിയിലേക്കുള്ള രാഹുലിന്റെ കടന്നുവരവ് കോ ണ്‍ഗ്രസ് വൃത്തങ്ങള്‍ ഏറെ കാലമായി കാത്തിരിക്കുന്ന ഒന്നാണ്. വര്‍ഷങ്ങളായി രാഹുലിന്റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും അദ്ദേഹം സ്വയം മാറിനില്‍ക്കുകയായിരുന്നു. സമയമാവുമ്പോള്‍ അതുണ്ടാകുമെന്ന നിലപാട് പാര്‍ട്ടി അധ്യക്ഷ കൂടിയായ അമ്മ സോണിയാഗാന്ധിയും സ്വീകരിച്ചു.
2014ലെ തെരഞ്ഞെടുപ്പ്
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പു തന്നെ രാഹുലിനെ അധ്യക്ഷ പദവിയില്‍ നിയോഗിക്കുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ ഉയര്‍ന്നു തുടങ്ങിയിരുന്നു. അനാരോഗ്യത്തെതുടര്‍ന്ന് സോണിയാഗാന്ധിക്ക് പാര്‍ട്ടി വേദികളില്‍നിന്ന് പലപ്പോഴും വിട്ടുനില്‍ക്കേണ്ടി വന്ന സാഹചര്യത്തിലായിരുന്നു ഇത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ പരാജയമായിരുന്നു. മോദി തരംഗത്തില്‍ പരമ്പരാഗത ശക്തി കേന്ദ്രങ്ങളിലെല്ലാം പാര്‍ട്ടിക്ക് അടിപതറി.
ശക്തമായ നേതൃത്വത്തിന്റെ അഭാവം പരാജയ കാരണമായതായി വിമര്‍ശനം ഉയര്‍ന്നു. ഇതോടെയാണ് രാഹുലിനെ അധ്യക്ഷനാക്കണമെന്ന ആവശ്യം സജീവമായത്. മുതിര്‍ന്ന പല നേതാക്കളും പരസ്യമായി ഈ ആവശ്യം ഉന്നയിച്ചു. ചുരുക്കം ചില കേന്ദ്രങ്ങളില്‍ എതിര്‍പ്പുകളും ഉയര്‍ന്നു. എന്നാല്‍ പുതിയ ഉത്തരവാദിത്തത്തില്‍ നിന്ന് രാഹുല്‍ ഒഴിഞ്ഞുമാറി. പാര്‍ട്ടിയെ താഴെതട്ടില്‍ ശക്തിപ്പെടുത്തുന്നതിനാണ് പ്രഥമ പരിഗണനയെന്ന് അദ്ദേഹം വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിര്‍ദേശം നല്‍കി. ലോക്‌സഭക്കു പിന്നാലെ നടന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലും തിരിച്ചടി നേരിട്ടു. എന്നാല്‍ ബിഹാറില്‍ പരീക്ഷിക്കപ്പെട്ട മഹാസഖ്യ മാതൃക ബി.ജെ.പിക്കെതിരായ മതേതര ശക്തികളുടെ കൂട്ടായ്മയില്‍ വിജയത്തിന്റെ പുതു ചരിത്രമെഴുതി. യു.പിയില്‍ പക്ഷേ സമാജ്‌വാദി പാര്‍ട്ടിയിലെ ആഭ്യന്തര കലഹം മൂലം ഈ പരീക്ഷണം പാളി. കേരളം, തമിഴ്‌നാട്, അസം, പോണ്ടിച്ചേരി തെരഞ്ഞെടുപ്പിലും പ്രതീക്ഷ തെറ്റി. പശ്ചിമബംഗാളില്‍ ഇടതുപക്ഷവുമായി സഖ്യത്തിലേര്‍പ്പെട്ടത് ചെറിയ നേട്ടമുണ്ടാക്കി. ഇതിനിടയിലും പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള രാഹുലിന്റെ കടന്നുവരവ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ സജീവ ചര്‍ച്ചയായി. മുതിര്‍ന്ന നേതാവ് എ.കെ ആന്റണി ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം തുറന്നു പറഞ്ഞു.
പുതുയുഗപ്പിറവി
2016ല്‍ ചെറിയ കാലയളവിലേക്ക് നടത്തിയ രാഷ്ട്രീയ സന്യാസം രാഹുല്‍ എന്ന രാഷ്ട്രീയ നേതാവിനെ സമ്പൂര്‍ണമായി മാറ്റിമറിച്ചു. മോദി ഭരണകൂടത്തിനെതിരെ രാജ്യമെമ്പാടും പൊട്ടിപ്പുറപ്പെട്ട കര്‍ഷക സമരങ്ങള്‍ക്ക് നടുവിലേക്കായിരുന്നു രാഹുലിന്റെ പുനഃപ്രവേശനം. രാംലീല മൈതാനിയില്‍ നടന്ന കര്‍ഷക സമരത്തില്‍ രാഹുല്‍ നടത്തിയ പ്രസംഗം പുതുപ്പിറവിയുടെ വിളംബരമായി. പക്വതയും വാക്കുകളിലെ മൂര്‍ച്ചയും രാഷ്ട്രീയ എതിരാളികളെ അമ്പരപ്പിച്ചു. പരിഹാസത്തോടെ മാത്രം രാഹുലിനെ കണ്ടിരുന്ന ബി.ജെ.പി നേതാക്കള്‍ അദ്ദേഹത്തിലെ രാഷ്ട്രീയ പ്രതിയോഗിയെ അംഗീകരിക്കാന്‍ തുടങ്ങി. ചാട്ടുളി പോലെയെത്തിയ വിമര്‍ശനങ്ങള്‍ എതിരാളികളുടെ നെഞ്ചു പിളര്‍ത്തി.
നോട്ട് നിരോധനം പിടിവള്ളി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ, സാമ്പത്തിക നയങ്ങളെ തുറന്നെതിര്‍ക്കുന്ന രാഹുലിന്റെ പ്രസംഗങ്ങള്‍ക്ക് സ്വീകാര്യത വര്‍ധിച്ചുവരുന്നതിനിടെയാണ് വീണുകിട്ടിയ അവസരം പോലെ നോട്ട് നിരോധനം വന്നത്. മോദിയുടെ അപ്രതീക്ഷിത പ്രഖ്യാപനം ജനങ്ങളെ തീരാദുരിതത്തിലേക്ക് തള്ളിവിട്ടു. നടുറോഡില്‍ നോട്ട് മാറാന്‍ വരിനിന്ന് ജനം തളര്‍ന്നുവീണു മരിച്ചു. മോദിക്കെതിരായ കടന്നാക്രമണങ്ങള്‍ ശക്തമാക്കാന്‍ ഈ അവസരം രാഹുലിനും കോണ്‍ഗ്രസിനും തുണയായി. നോട്ട് നിരോധനം സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുമെന്ന പ്രവചനങ്ങള്‍ വന്നതോടെ മോദി പ്രഭാവത്തിന്റെ നിറംകെട്ടു തുടങ്ങി.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നടത്തിയ ‘ആസൂത്രിത പിടിച്ചുപറി’ എന്ന ആരോപണം കേന്ദ്രത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കി. നാലുപാടുനിന്നും ഉയര്‍ന്ന വിമര്‍ശനങ്ങളില്‍നിന്ന് രക്ഷനേടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കണ്ടെത്തിയ കുറുക്കുവഴി വിദേശ പര്യടനങ്ങളും നിരന്തര മൗനവും ആയിരുന്നു. പ്രധാനമന്ത്രി ഏകപക്ഷീയമായി കൈക്കൊണ്ട തീരുമാനത്തെ ന്യായീകരിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ ഒന്നടങ്കം പാടുപെട്ടു. ഇത് രാഹുലിനെ കൂടുതല്‍ കരുത്തനാക്കി.
തുറുപ്പ്ചീട്ട് ഗുജറാത്ത്
ഗുജറാത്തില്‍നിന്നുള്ള രാജ്യസഭാ തെരഞ്ഞെടുപ്പായിരുന്നു അടുത്ത അവസരം. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ചാണക്യ തന്ത്രങ്ങളുടെ ഉടമയും സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുമായ അഹമ്മദ് പട്ടേല്‍ രാജ്യസഭ കാണാതിരിക്കാന്‍ അമിത് ഷായും ബി.ജെ.പിയും നടത്തിയ കരുനീക്കങ്ങള്‍ പാളിപ്പോയി. രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ ജനാധിപത്യം അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങളെ പ്രതിരോധിക്കാന്‍ സമയോചിത ഇടപെടല്‍ കോണ്‍ഗ്രസില്‍നിന്നുണ്ടായി. കര്‍ണാടക സര്‍ക്കാറിന്റെ സഹായത്തോടെ കോണ്‍ഗ്രസ് വൃത്തങ്ങളില്‍നിന്ന് അതുവരെ കണ്ടിട്ടില്ലാത്ത ചടുല നീക്കങ്ങള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയം സാക്ഷിയായി. വോട്ടെടുപ്പ് വേളയില്‍ ബി.ജെ. പിയെ തുണച്ച രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ബാലറ്റ് ഉയര്‍ത്തിക്കാട്ടിയത് പിടിവള്ളിയായി.
ബി.ജെ. പിയും കോണ്‍ഗ്രസും രാഷ്ട്രീയ തന്ത്രങ്ങളുടെ ആവനാഴിയിലെ സകല ആയുധങ്ങളും പുറത്തെടുത്ത രാത്രി. ഒടുവില്‍ അഹമ്മദ് പട്ടേലിന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ബി.ജെ.പിയും അമിത് ഷായും മോദിയും ഒരിക്കല്‍കൂടി നാണക്കേടിന്റെ പടുകുഴിയിലേക്ക് വീണു. നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഗുജറാത്തില്‍ കോണ്‍ഗ്രസിന് ലഭിച്ച ജീവവായു ആയിരുന്നു ഈ വിജയം.
ഗബ്ബര്‍ സിങ് ടാക്‌സ്
നോട്ട് നിരോധനത്തിനു പിന്നാലെ ചരക്കു സേവന നികുതി നടപ്പാക്കിയത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചു. മോദിയുടേയും ബി.ജെ.പിയുടേയും ഈ വീഴ്ചകള്‍ രാഹുല്‍ എന്ന നേതാവിനെ കൂടുതല്‍ കരുത്തനാക്കി. നോട്ട് നിരോധനത്തില്‍ തകര്‍ന്നുകിടന്ന ചെറുകിട വ്യവസായ, വാണിജ്യ മേഖലക്ക് ജി.എസ്.ടി കൂനിന്മേല്‍ കുരുവായി. കള്ളപ്പണമെല്ലാം വെള്ളപ്പണമായി മാറിയിട്ടും ജനം പണം വ്യയം ചെയ്യാന്‍ മടിച്ചു. ഇത് വിപണി മരവിപ്പിച്ചു നിര്‍ത്തി. ഇതിനിടെ സാമ്പത്തിക വളര്‍ച്ച 5.7 ശതമാനത്തിലേക്ക് കുറഞ്ഞതായി ധനമന്ത്രാലയം തന്നെ സമ്മതിച്ചു. അഹമ്മദബാദിലെയും സൂറത്തിലെയും ടെക്‌സ്‌റ്റൈയില്‍ വ്യവസായങ്ങളുടെ നട്ടെല്ലൊടിച്ച് ജി.എസ്.ടി സംഹാര താണ്ഡവമാടിയപ്പോള്‍ സ്വന്തം തട്ടകത്തില്‍ മോദി പ്രഭാവത്തിന് വീണ്ടും കോട്ടം തട്ടി. ബി.ജെ.പി പ്രതിരോധത്തിലേക്ക് പിന്‍വലിഞ്ഞപ്പോള്‍ സംഘടനാസംവിധാനം ദുര്‍ബലമായിട്ടും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂടി. ജി.എസ്.ടിയെ ഗബ്ബര്‍സിങ് ടാക്‌സായി വിശേഷിപ്പിച്ച രാഹുലിന്റെ കമന്റ് സാമൂഹ്യ മാധ്യമങ്ങളില്‍ ആഘോഷിക്കപ്പെട്ടു.
പുതിയ ബന്ധങ്ങള്‍
പട്ടേല്‍ സമരത്തെതുടര്‍ന്നുള്ള സാമുദായിക രാഷ്ട്രീയത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. ഹര്‍ദിക് പട്ടേല്‍, ജിഗ്നേഷ് മേവാനി, അല്‍പേഷ് താക്കൂര്‍ ത്രയങ്ങളെ സ്വന്തം വേദിയില്‍ അണിനിരത്തിയത് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം വീണ്ടും വര്‍ധിപ്പിച്ചു. ഒരു ദിനം ഒരു ചോദ്യം എന്ന പേരില്‍ ട്വിറ്ററിലൂടെ രാഹുല്‍ തുടങ്ങിവെച്ച ക്യാമ്പയിന്‍ മാധ്യമ വാര്‍ത്തകളില്‍ ഇടംപിടിച്ചു. ഇതിനിടെയാണ് കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള തിയതി പ്രഖ്യാപിച്ചത്. എല്ലാ സംസ്ഥാനങ്ങളിലും സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയാണ് അധ്യക്ഷ തെരഞ്ഞെടുപ്പിന് കളമൊരുക്കിയത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പലവട്ടം നീട്ടിനല്‍കിയ സമയപരിധി ഡിസംബര്‍ 31ന് അവസാനിക്കാനിരിക്കെ, ഒരു മുഴം മുന്നേ എറിഞ്ഞ കോണ്‍ഗ്രസ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍തന്നെ രാഹുലിന്റെ പടിയേറ്റത്തിന് അവസരം ഒരുക്കുകയായിരുന്നു.
ഇനി രാഹുല്‍ യുഗം
കൂടുതല്‍ കാലം (19 വര്‍ഷം) കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ ഇരുന്ന അമ്മ(സോണിയ)യില്‍നിന്ന് നേതൃപദവി ഏറ്റെടുക്കുമ്പോള്‍ രാഹുലിനു മുന്നിലെ പ്രധാന വെല്ലുവിളി താഴെ തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്നതാണ്. ഇനിയുള്ള നീക്കങ്ങള്‍ രാഹുലിനും കോ ണ്‍ഗ്രസിനും നിര്‍ണായകം. പ്രത്യേകിച്ച് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം.

 

ഇനി ഔറംഗസീബ് ഭരണമെന്ന് മോദി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള രാഹുലിന്റെ കടന്നുവരവിനെ പരിഹസിച്ച് മോദി. മുഗള്‍ ഭരണകാലത്ത് ഷാജഹാനു ശേഷം മകന്‍ ഔറംഗസീബ് രാജാവായതു പോലെയാണ് രാഹുല്‍ അധ്യക്ഷനാകുന്നതെന്നായിരുന്നു മോദിയുടെ പ്രതികരണം. ചക്രവര്‍ത്തിയുടെ കാലശേഷം മകന്‍ അധികാരമേറ്റെടുക്കുമെന്ന് അറിയാമായിരുന്നു. അങ്ങനെ കോ ണ്‍ഗ്രസില്‍ ഔറംഗസീബ് ഭരണത്തിന് തുടക്കമായി. അതേസമയം പൂര്‍ണമായും ജനാധിപത്യപരമായാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നതിന്റെ ഭയമാണ് മോദിയുടെ ഇത്തരം പരാമര്‍ശങ്ങളെന്ന് മുന്‍ കേന്ദ്രമന്ത്രി കുമാരി ഷെല്‍ജ പറഞ്ഞു.

crime

പീഡനക്കേസില്‍ 61 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സമാനകേസില്‍ 81 വര്‍ഷം കൂടി കഠിനതടവ്

പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു

Published

on

മലപ്പുറം: ലൈംഗീകാതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് സമാനകേസിൽ വീണ്ടും ശിക്ഷവിധിച്ച് പെരിന്തൽമണ്ണ അതിവേഗ കോടതി. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടിൽ മുഹമ്മദ് ആഷിക്കി(40)നാണ് ശിക്ഷ ലഭിച്ചത്.

പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യകേസിലെ വിധി. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു.

സമാനകേസിൽ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് പരിഗണിച്ചാണ് ജഡ്ജി വീണ്ടും ആഷിക്കിന് 81 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരം 80 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാം. പിഴ അടക്കുന്നപക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും ജഡ്ജി ഉത്തരവിട്ടു.

 

Continue Reading

kerala

തൃശൂരിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ചു; കൊണ്ടോട്ടി സ്വദേശി മരിച്ചു

പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം

Published

on

തൃശൂർ പെരിയമ്പലത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി മരിച്ചു. നെടിയിരുപ്പ് എൻഎച്ച് കോളനി പതിനാലിൽ വീട്ടിൽ ബാബുരാജിന്റെ മകൻ നവീൻ രാജ് (19) ആണ് മരിച്ചത്.

നവീൻ രാജ് സഞ്ചരിച്ചിരുന്ന ബൈക്കും, ദോസ്ത് പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നവീൻ രാജിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുച്ചു. ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading

kerala

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്‌ കാലാവസ്ഥ വകുപ്പ്

മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Published

on

തിരുവനന്തപുരം ∙ കേരളത്തിലെ കനത്തചൂടിന് ആശ്വാസം നൽകി മഴ. അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, കോട്ടയം,  ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, മാർച്ച് 28 മുതൽ ഏപ്രിൽ 1 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ  ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

Continue Reading

Trending