ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായ ശേഷം ആദ്യമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാത്ത നരേന്ദ്ര മോദിയെ ട്രോളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററില്‍ ‘അഭനന്ദനങ്ങള്‍ മോദിജി’ എന്ന അഭിസംബോധനയോടെയാണ് രാഹുല്‍ മോദിയെ പരിഹസിച്ചത്.

‘അഭിനന്ദനങ്ങള്‍ മോദിജീ, വാര്‍ത്താ സമ്മേളനം വളരെ നന്നായി. പാതി യുദ്ധമാണ് കാണുന്നത്. അടുത്ത തവണയെങ്കിലും ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അമിത് ഷാ താങ്കളെ അനുവദിക്കട്ടെ. നന്നായിരിക്കുന്നു’-എന്നായിരുന്നു മോദിയുടെ വാര്‍ത്താസമ്മേളനം കഴിഞ്ഞയുടന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്.

പ്രധാനമന്ത്രിയായതിനു ശേഷം ആദ്യമായാണ് മോദി മാധ്യമപ്രവര്‍ത്തകരെ കാണുന്നത്. ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ മാധ്യമപ്രവര്‍ത്തകരെ കാണുമെന്നായിരുന്നു ഇന്നലെ വരെ അറിയിപ്പുണ്ടായിരുന്നത്. എന്നാല്‍ ഇന്നു വൈകീട്ട് വാര്‍ത്താ സമ്മേളനത്തിനെത്തിയപ്പോള്‍ നരേന്ദ്ര മോദിയുമുണ്ടായിരുന്നു.

പാര്‍ട്ടി അധ്യക്ഷനു മുമ്പില്‍ താന്‍ അച്ചടക്കമുള്ള പടയാളി മാത്രമാണെന്നാണ് മോദി പറഞ്ഞത്. പാര്‍ട്ടി അധ്യക്ഷന്റെ സാന്നിധ്യം ഒന്നും സംസാരിക്കാതിരിക്കാനുള്ള ഉപാധിയായി മോദി കാണുകയായിരുന്നു.