തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ വിജിലന്‍സ് കേസെടുത്തു. ടോം ജോസിന്റെ തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ വിജിലന്‍സ് സംഘം റെയ്ഡ് നടത്തി. ടോം ജോസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി വിജിലന്‍സ് മേധാവി ബാങ്കുകള്‍ക്ക് കത്തു നല്‍കി. സുഹൃത്ത് അനിത ജോസുമായി ചേര്‍ന്ന് നടത്തിയ ഇടപാടിന്റെ രേഖകളും പിടിച്ചെടുത്തു.

രാവിലെ ആറു മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. എറണാകുളത്തെ വസതിയില്‍ റെയ്ഡിന് ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും ആരുമില്ലാത്തതിനെത്തുടര്‍ന്ന് നടപടി നിര്‍ത്തിവെച്ചു. ടോംജോസ് അനധികൃതമായി സ്വത്തു സമ്പാദിച്ചുവെന്ന് ചൂണ്ടിക്കാട്ടുന്ന പരാതിയില്‍ നടത്തിയ രഹസ്യാന്വേഷണത്തിനു പിന്നാലെയാണ് റെയ്ഡ് നടത്തിയത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഇന്നലെ ഇതുസംബന്ധിച്ച എഫ്എആര്‍ സമര്‍പിച്ചിരുന്നു. ഐഎഎസ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റാണ് ടോം ജോസ്.

03082_184708

കെ.എം.എം.എല്‍ എ.ഡിയായിരിക്കെ ടോം ജോസ് നടത്തിയ മഗ്നീഷ്യം ഇടപാടിലൂടെ സര്‍ക്കാറിന് 1.21 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന കേസിലും വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കൂടാതെ മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ ജില്ലയില്‍ അമ്പത് ഏക്കര്‍ ഭൂമി വാങ്ങിയതില്‍ അഴിമതിയുണഅടെന്ന പരാതിയിലും വിജിലന്‍സ് അന്വേഷണം നടത്തുന്നുണ്ട്. അതേസമയം റെയ്ഡിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് ടോം ജോസ് പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയുടെ പരാതിയിലാണ് റെയ്ഡ് നടത്തുന്നതെന്നും ടോം ജോസ് പ്രതികരിച്ചു.