തിരുവനന്തപുരം: ബിനീഷ് കോടിയേരി ബോസും ഡോണുമല്ലെന്നും തന്റെ രണ്ട് കുട്ടികളുടെ അച്ഛന്‍ മാത്രമാണെന്നും ഭാര്യ. മാധ്യമങ്ങള്‍ക്കു മു്മ്പില്‍ വിതുമ്പിയായിരുന്നു അവരുടെ പ്രതികരണം. ബിനീഷിന് കുറച്ച് സുഹൃത്തുക്കള്‍ മാത്രമാണുള്ളത്. മറ്റെല്ലാം കളവാണെന്നും ഭാര്യ പറഞ്ഞു.

‘ പരിശോധനയ്ക്കിടെ അമ്മയുടെ ഐ ഫോണ്‍ മാത്രമാണ് കൊണ്ടുപോയത്. അതില്‍ ഞാന്‍ ഒപ്പിട്ടിട്ടുണ്ട്. വീട്ടില്‍ നിന്ന് മുഹമ്മദ് അനൂപിന്റെ പേരിലുള്ള ഒരു കാര്‍ഡ്‌ കിട്ടിയെന്നും അതില്‍ ഒപ്പിടണമെന്നും ഇഡി നിര്‍ബന്ധിച്ചു. ബിനീഷിനെ രക്ഷപ്പെടുത്തണം എന്നുണ്ടെങ്കില്‍ ഒപ്പിടണം എന്നായിരുന്നു ആവശ്യം. ഞാന്‍ ജയിലില്‍ പോയാലും വേണ്ടിയില്ല ഒപ്പിടില്ല എന്നു പറഞ്ഞു. ഈ വീട്ടില്‍ നിന്ന് ഈ കാര്‍ഡ് കിട്ടിയതല്ല. മുഹമ്മദ് അനൂപിന്റെ കാര്‍ഡ് ഇവിടെ നിന്ന് കിട്ടിയില്ല. ഇവിടെ നിന്ന് കിട്ടാത്ത സാഹചര്യത്തില്‍ ഒപ്പിടില്ല. ബിനീഷ് ഒരു ബോസല്ല, ഒരു ഡോണുമല്ല. എന്റെ രണ്ടു കുട്ടികളുടെ അച്ഛനാണ്. ഒരു സാധാരണ മനുഷ്യനാണ്. കുറച്ചു സുഹൃത്തുക്കള്‍ ഉണ്ട് എന്നു മാത്രമേ ഉള്ളൂ’ – അവര്‍ പറഞ്ഞു.

കുട്ടിയേയും തന്നേയും താഴത്തെ മുറിയിലാക്കി നേരെ ബിനീഷിന്റെ റൂമിലേക്ക് പോയിട്ടായിരുന്നു പരിശോധന. വേറെ ഒരിടത്തും പരിശോധിച്ചിട്ടില്ല. മരുതംകുഴിയിലെ വീട്ടില്‍ 25 മണിക്കൂര്‍ നേരമാണ് ഇഡി റെയ്ഡ് നടത്തിയത്.