ജയ്പൂര്‍: രാജസ്ഥാന്‍, രാജ്‌സമന്ദ്, ശംഭുലാല്‍ റിഗാര്‍-ഞെട്ടലോടെയല്ലാതെ മതേതര സമൂഹത്തിന് ഓര്‍ക്കാന്‍ കഴിയാത്ത മൂന്ന് പേരുകള്‍. രാജ്യത്തെ ഞെട്ടിച്ച ക്രൂരമായ ഒരു കൊലപാതകത്തിന്റെ ഓര്‍മകളും പേറി രാജസ്ഥാനില്‍ നിന്നും മടങ്ങുകയാണ് ആയിരക്കണക്കിന് ബംഗാളി തൊഴിലാളികള്‍. മൃഗങ്ങളെപ്പോലും നാണിപ്പിക്കും വിധം നിസ്സഹായനായ ഒരു മനുഷ്യനെ ഹീനമായി കൊലപ്പെടുത്തിയ നീചനെയും അയാള്‍ക്ക് പിന്തുണ നല്‍കിയ നാടിനെയും അത്രയേറെ അവര്‍ വെറുത്തുപോയി. കണ്ണില്‍ ചോരയില്ലാത്ത ക്രൂരന്‍മാരുടെ നാട്ടില്‍ നിന്നും നടക്കുന്ന ഓര്‍മകളുമായാണ് വണ്ടി കയറുന്നത്.

മുഹമ്മദ് അഫ്രസുല്‍ എന്ന കുടുംബനാഥനെ വെട്ടിയരിഞ്ഞ് പച്ചക്ക് കത്തിച്ച ശംഭുലാല്‍ റിഗാര്‍ എന്ന ഭീകരന്റെ മുഖവും ക്രൂരകൃത്യത്തിന് പ്രേരണയായ ആശയവും രാജസ്ഥാന്‍ എന്ന സംസ്ഥാനത്തെ തന്നെ ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. അഫ്രസുല്‍ കൊലചെയ്യപ്പെട്ട രാജസമന്ദില്‍ മാത്രം ഇരുനൂറിലധികം ബംഗാളികള്‍ ജോലി ചെയ്യുന്നുണ്ട്. മിക്കവരും പണിയെടുക്കുന്നതാകട്ടെ നിര്‍മ്മാണ മേഖലയിലും. അതില്‍ പല ജാതിയിലും മതത്തിലും പെട്ടവരുണ്ട്. അഫ്രസുലിന്റെ ജന്‍മനാടായ മാല്‍ദയിലെ സയ്ദപൂരില്‍ നിന്നുള്ളവരാണഅ കൂടുതലും. ഒരു നേരത്തെ അന്നം തേടി കിലോമീറ്ററുകള്‍ താണ്ടിയെത്തിയ ഇവര്‍ക്കിപ്പോള്‍ എങ്ങിനെയെങ്കിലും ജീവനുമായി നാട്ടിലെത്തിയാന്‍ മതിയെന്ന ചിന്ത മാത്രം.

സംഭവം നടന്ന പിറ്റേന്നു തന്നെ പലരും വണ്ടി കയറി. അഫ്രസുല്‍ താമസിച്ചിരുന്ന രാജ്‌സമന്ദിലെ ധോയിന്ദ ഗ്രാമത്തില്‍ ഇപ്പോള്‍ ഒരു ബംഗാളിയെപ്പോലും കാണാന്‍ കഴിയില്ല. ഇവര്‍ താമസിച്ചിരുന്നു വീടുകളും കെട്ടിടങ്ങളും അടച്ചിട്ടിരിക്കുന്നു. പത്തുവര്‍ഷത്തിലധികമായി രാജ്‌സമന്ദില്‍ നിര്‍മാണ ജോലി ചെയ്യുന്ന മുഹമ്മദ് സൈനുല്‍ ഹഖിനെ അഫ്രസുലിന്റെ ആ പാതിവെന്ത ശരീരം ഓര്‍മയില്‍ നിന്നും മായുന്നില്ല. കുടുംബം പോറ്റാനാണ് ഇവിടെ വന്നത്. പത്തുവര്‍ഷം പ്രശ്‌നമില്ലാതെ ജോലി ചെയ്തു. എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ജനങ്ങളില്‍ ഒരു വിഭാഗത്തോട് പ്രതികാര മനോഭാവം വളര്‍ത്തി. ഇതിന്റെ ഒടുവിലത്തെ ഇരയാണ് അഫ്രസുല്‍. ഉടന്‍ മടങ്ങണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്- നിറഞ്ഞ കണ്ണുകളോടെ സൈനുല്‍ ഹഖ് പറഞ്ഞു നിര്‍ത്തി. ഇനി ഒരു നിമിഷം പോലും ഇവിടെ നില്‍ക്കില്ലെന്നും ബംഗാളിലേക്ക് മടങ്ങാന്‍ ട്രെയിന്‍ കാത്തുനില്‍ക്കവെ ഹഖ് നെടുവീര്‍പ്പെട്ടു.

ഇനി രാജസമന്ദില്‍ അവശേഷിക്കുന്നത് മുഹമ്മദ് ബര്‍കത്ത് അലിയെപ്പോലുള്ള ചില കരാര്‍ തൊഴിലാളികള്‍ മാത്രം. റോഡ് നിര്‍മാണ ജോലിക്കായി ഇവിടെ എത്തിയ ബര്‍കത്ത് അലിക്ക് കരാര്‍ പ്രകാരം പണി പൂര്‍ത്തിയാക്കാതെ മടങ്ങാനാകില്ല. ഭയത്തോടെയാണ് ഇവിടെ ജീവിക്കുന്നതെന്നും പണി തീര്‍ന്നാല്‍ ഉടന്‍ നാട്പിടിക്കുമെന്നും അലി ഉറപ്പിച്ച് പറയുന്നു. മുസ്‌ലിം ആയതിനാല്‍ ജീവന് ഭീഷണിയുണ്ട്. ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് അവര്‍ ഞങ്ങളെ ഇല്ലാതാക്കും-വേദന കടിച്ചമര്‍ത്തി അലി പറയുന്നു. പകലന്തിയോളം പണിയെടുത്തിട്ടും ഒന്നും സമ്പാദിക്കാനായില്ലെന്ന ദു:ഖവുമായാണ് മുഹമ്മദ് റഫീഉല്‍ മടങ്ങുന്നത്. ഇവിടം സുരക്ഷിതമല്ലാതായിരിക്കുന്നു. എല്ലാവരും സംശയത്തോടെയാണ് നോക്കുന്നത്. പണമില്ലെങ്കിലും കുടുംബത്തിനൊപ്പം കഴിയാനാണ് ആഗ്രഹം. ഞങ്ങളുടെ നാട്ടില്‍ ഹിന്ദുവെന്നോ മുസ്‌ലിമെന്നോ വേര്‍തിരിവില്ല. – റഫീഉല്‍ പറഞ്ഞു.

രാജ്യത്തെ നടുക്കിയ അരുംകൊലയെക്കാളും കൊലയാളിക്ക് ഹിന്ദുത്വവാദികളില്‍ നിന്ന് കിട്ടുന്ന അംഗീകാരമാണ് ഇവരെ ഭയപ്പെടുത്തുന്നത്. കൊലയാളി ശംഭുലാലിന്റെ അക്കൗണ്ടിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്നത് ലക്ഷക്കണക്കിന് രൂപയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ഭരണകൂടം ഇത്തരം നീചന്‍മാര്‍ക്ക് കുട പിടിക്കുമ്പോള്‍ ജന്‍മനാടും കുടുംബവും ഈ നിരാശ്രയരായ ജനതയുടെ മനസില്‍ തെളിയുന്നത്.