തിരുവനന്തപുരം: മാധ്യമങ്ങള്‍ സര്‍വ്വേ നടത്തി തന്നെയും യുഡിഎഫിനെയും തകര്‍ക്കാന്‍ ആസൂത്രിതമായ നീക്കം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രത്യക്ഷത്തില്‍ നിഷ്പക്ഷമെന്ന് തോന്നിക്കുന്ന ഹീന തന്ത്രങ്ങളാണ് കേരളത്തിലെ മാധ്യമങ്ങള്‍ നടത്തുന്നത്. സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ചത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്.

എല്ലാ ആരോപണങ്ങള്‍ക്ക് മുമ്പിലും സര്‍ക്കാരിന് മുട്ട് മടക്കേണ്ടിവന്നു. തന്നെ തകര്‍ക്കാന്‍ സിപിഎമ്മിനൊ സര്‍ക്കാരിനൊ കഴിയാത്തത് മൂലം അഭിപ്രായ സര്‍വ്വേയിലൂടെ തകര്‍ക്കാമെന്ന് കരുതിയാല്‍ ഞങ്ങളിതൊക്കെ കുറേ കണ്ടിട്ടുള്ളതാണെന്ന് മാത്രമെ പറയാനുള്ളു.

ഭരണകക്ഷിക്ക് ലഭിക്കുന്ന പരിഗണന ഒരു ശതമാനമെങ്കിലും യുഡിഎഫിന് ലഭിക്കേണ്ടേ? എന്തൊരു മാധ്യമ ധര്‍മ്മമാണ് ഇത്. ഡല്‍ഹിയില്‍ ചെയ്യുന്നത് പോലെയാണ് ഇവിടെ മാധ്യമങ്ങളെ വിരട്ടിയും പരസ്യങ്ങള്‍ നല്‍കിയും വലയിലാക്കാനുള്ള ശ്രമം നടത്തികൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

മാധ്യമ ധര്‍മ്മം മറന്നുകൊണ്ട് കേരളത്തിലെ മാധ്യമങ്ങള്‍ ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ല. പക്ഷേ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വസ്തുതകള്‍ പരിശോധിച്ചാല്‍ കേരളത്തിലെ മാധ്യമങ്ങള്‍ ഏകപക്ഷീയമായി പെരുമാറുന്നുവെന്ന് മനസിലാകും.

പ്രതിപക്ഷത്തിന് ന്യായമായി ലഭിക്കേണ്ട ഇടം പോലും തരാതെ ഭരണ കക്ഷിക്കുവേണ്ടി കുഴലൂത്ത് നടത്തുന്ന രീതിയിലേക്ക് മാധ്യമങ്ങള്‍ മാറിപ്പോകുന്നത് ശരിയാണോ?. ചില അവതാരകര്‍ അഞ്ച് വര്‍ഷം കൂടി കഴിഞ്ഞ് അടുത്ത അഞ്ചുവര്‍ഷം കൂടി പിണറായി വിജയന്‍ ഭരിക്കുമെന്ന മട്ടിലാണ് ചിത്രീകരിക്കുന്നത്. ഇതൊക്കെ എന്ത് മാധ്യമ ധര്‍മ്മമാണ്.

സര്‍ക്കാര്‍ ഓരോ പ്രതിസന്ധിയില്‍ വീഴുമ്പോഴും അതില്‍ നിന്ന് കരകയറാന്‍ സര്‍വ്വേക്കാര്‍ വരുന്നു. രസകരമായ വസ്തുത മൂന്ന് സ്ഥാപനങ്ങള്‍ക്ക് വേണ്ടി ഒരു കമ്പനിയാണ് സര്‍വ്വേ നടത്തിയത്. കേരളത്തിലെ വോട്ടര്‍മാരുടെ ഒരു ശതമാനം മാത്രമാണ് ഇത്തരം സര്‍വ്വേകളുടെ ഭാഗമാകുന്നത്. ജനങ്ങളുടെ ബോധ്യത്തെയും ചിന്താശക്തിയെയും അട്ടിമറിക്കാനുള്ള നീക്കമാണ് സര്‍വ്വേകളിലൂടെ നടക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന സര്‍ക്കാരിനെ വെള്ളപൂശാന്‍ വേണ്ടി 200 കോടി രൂപയുടെ പരസ്യമാണ് ഈ സര്‍ക്കാര്‍ അവസാന കാലഘട്ടത്തില്‍ നല്‍കിയത്. ഇതില്‍ 57 കോടി രൂപ കിഫ്ബിയില്‍ നിന്നായിരുന്നു. കേരളത്തിലെ ജനങ്ങളുടെ തലയില്‍ വന്‍തോതിലുള്ള ഭാരം കയറ്റിവയ്ക്കുന്ന കിഫ്ബി 57 കോടി രൂപയോളം പരസ്യത്തിന് വേണ്ടി ചിലവഴിച്ചു.

200 കോടി രൂപയുടെ പരസ്യം കൊടുത്തതിന്റെ ഉപകാര സ്മരണയാണ് ഈ സര്‍വ്വേകളിലൂടെ കാണുന്നത്. പ്രതിപക്ഷത്തിന് പരസ്യം കൊടുക്കാനുള്ള നിവൃത്തിയില്ല. ഞങ്ങള്‍ക്ക് അധികാരമില്ലാത്തത് കൊണ്ട് സര്‍ക്കാര്‍ പരസ്യങ്ങള്‍ കൊടുക്കാന്‍ കഴിയില്ല.

ഇവിടെ മാധ്യമങ്ങള്‍ സത്യത്തെ തമസ്‌ക്കരിക്കുന്നു. കോടികളുടെ പരസ്യങ്ങള്‍ കൊടുത്ത് നരേന്ദ്രമോദി എപ്രകാരമാണോ കോര്‍പ്പറേറ്റുകളെ കൊണ്ട് മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് ആ നിലയിലേക്ക് പിണറായി വിജയനും മാറുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.