കോഴിക്കോട്: മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തങ്ങള്‍ ആരെയും തെറി പറഞ്ഞിട്ടില്ലെന്ന്് ചെന്നിത്തല പറഞ്ഞു. കുലംകുത്തി, പരനാറി എന്നോക്കെ വിളിക്കുന്ന മുഖ്യമന്ത്രിയാണോ പ്രതിപക്ഷത്തെ പഠിപ്പിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. പ്രതിപക്ഷം മോശമായ രീതിയില്‍ സംസാരിച്ചുവെന്ന പിണറായി വിജയന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ചെന്നിത്തല.

നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നേമുക്കാല്‍ മണിക്കൂര്‍ പ്രസംഗിക്കുകയല്ലായിരുന്നു. ചട്ടം ലംഘിച്ച് നോക്കി വായിക്കുകയായിരുന്നു. എന്നിട്ടും സ്പീക്കര്‍ ഒരു കാര്യവും പറഞ്ഞില്ലെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രതിപക്ഷം ക്ഷമയോടെ ഈ മൂന്നേമുക്കാല്‍ മണിക്കൂര്‍ ഇത് കേട്ടിരുന്നു. ഇതിനുശേഷം എഴുതികൊടുത്ത ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ വന്നപ്പോഴാണ് പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങിയത്. തങ്ങള്‍ സ്പീക്കറുടെ ഡയസില്‍ അതിക്രമിച്ചു കയറിയിട്ടില്ല. കസേര തകര്‍ത്തിട്ടില്ല. സ്പീക്കറെ കൈയേറ്റം ചെയ്തിട്ടില്ല. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജപ്പെട്ടുവെന്ന് എല്ലാര്‍ക്കും അറിയാം. തങ്ങള്‍ക്ക് നിയമസഭയില്‍ അംഗബലം കുറവാണ്. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ സര്‍ക്കാരിനെതിരെ അവിശ്വാസം പാസാക്കിയിട്ട് മാസങ്ങളായി. പ്രതിപക്ഷം ഉന്നയിച്ചത് ആരോപണങ്ങളല്ല, വസ്തുകള്‍ മാത്രമാണ്. ഒരു ചോദ്യത്തിനുപോലും മുഖ്യമന്ത്രി മറുപടി നല്‍കിയില്ലെന്നും പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു.

നിയമസഭയില്‍ തന്നെ സംസാരിക്കാന്‍ അനുവദിക്കാതെ പ്രതിപക്ഷം തെറി വിളിക്കുകയായിരുന്നു എന്ന് വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി ആരോപിച്ചത്. താന്‍ എല്ലാം പറയാന്‍ തയാറായിരുന്നു. എന്നാല്‍ അവര്‍ തടസപ്പെടുത്തി. സംസ്‌കാരമുള്ള കാര്യങ്ങളല്ല അന്നവിടെ കണ്ടത്. കള്ളാ, കള്ളാ എന്നു മുഖത്തു നോക്കി വിളിക്കുകയായിരുന്നു. അതാണോ ശരിയായ മാര്‍ഗം പറയാന്‍ കൊള്ളാത്ത കാര്യങ്ങളാണു വിളിച്ചു പറഞ്ഞത്. താന്‍ കൂടുതല്‍ സമയമെടുത്തതില്‍ പ്രതിപക്ഷത്തിനു വിഷമമുണ്ടാകുക സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.