തിരുവനന്തപുരം: എം.പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ യുണൈറ്റഡ് മുന്നണി വിടേണ്ട യാതൊരു രാഷ്ട്രീയ സാഹചര്യവും നിലവിലില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങളോട് പ്രതിരിക്കുകയായിരുന്നു അദ്ദേഹം.

ജനതാദള്‍ യുണൈറ്റഡ് യു.ഡി.എഫിന്റെ അവിഭാജ്യഘടകമാണ്. പടയൊരുക്കത്തിന്റെ കോഴിക്കോട് റാലി ഉദ്ഘാടനം ചെയ്തതും വിവിധ വേദികളില്‍ പ്രസംഗിച്ചതും വീരേന്ദ്രകുമാറാണ്. അവരുടെ പാര്‍ട്ടി നേതാവും മുന്‍മന്ത്രിയുമായ കെ.പി മോഹനന്‍ കഴിഞ്ഞ 30 ദിവസമായി ‘പടയൊരുക്ക’ത്തിനൊപ്പമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

വീരേന്ദ്രകുമാര്‍ എം.പി സ്ഥാനം രാജിവെക്കുന്നത് മുന്നണിയുമായി ബന്ധപ്പെട്ട കാര്യമല്ലെന്നും ദേശീയതലത്തില്‍ എന്‍.ഡി.എയുടെ ഭാഗമായ നിതീഷ്‌കുമാറുമായി സഹകരിക്കാനുള്ള താല്‍പ്പര്യക്കുറവാണ് അതിന് പിന്നിലുള്ളതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ഇക്കാര്യം വീരേന്ദ്രകുമാര്‍ തന്നെ തുറന്നുപറഞ്ഞതാണ്. അതിനാല്‍ തന്നെ വീരേന്ദ്രകുമാര്‍ യു.ഡി.എഫ് വിടുമെന്ന് തങ്ങളാരും വിശ്വസിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.