തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചതിനെ വിമര്‍ശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടി. വാ തുറന്നാല്‍ വര്‍ഗീയത മാത്രം പറയുന്ന നേതാവായി വിജയരാഘവന്‍ മാറിയതായി അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുമായി ചേര്‍ന്ന് കേരളത്തില്‍ വര്‍ഗീയത ആളിക്കത്തിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തമിഴ്‌നാട്ടില്‍ ഒരേ മുന്നണിയില്‍ പ്രവര്‍ത്തിക്കുന്ന സിപിഎം കേരളത്തില്‍ മാത്രം മുസ് ലിംലീഗിനെ മതമൗലികവാദിയാക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തുടങ്ങിയ വര്‍ഗീയ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമം സിപിഎം ഇപ്പോഴും തുടരുകയാണ്. ഇത് ജനങ്ങള്‍ തിരിച്ചറിയും. നാട്ടില്‍ എല്ലാ മതവിഭാഗഭങ്ങളേയും ഒരുമിച്ചുകൊണ്ടുപോകാന്‍ ബാധ്യസ്തരായ സര്‍ക്കാരും ഇതിന് കുടപിടിക്കുകയാണ്.

രണ്ട് വോട്ടിന് വേണ്ടി ഏത് വര്‍ഗീയ പ്രചരണം നടത്താനും മടിയില്ല എന്ന് തെളിയിക്കുന്ന വാക്കുകളാണ് സിപിഎമ്മില്‍ നിന്നും പുറത്തുവരുന്നത്. വര്‍ഗീയ വിദ്വേഷം ആളിക്കത്തിക്കാന്‍ നടത്തുന്ന ശ്രമത്തില്‍ നിന്നും സിപിഎം പിന്തിരിയുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.