തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം കണ്ടാല്‍ ജനങ്ങള്‍ വോട്ട് ചെയ്യില്ലെന്ന ഭയമാണ് എല്‍ഡിഎഫിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതുകൊണ്ടാണ് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും പിണറായി വിജയനെ മാറ്റി നിര്‍ത്തിയിരിക്കുന്നതെന്നും ചെന്നിത്തല.

സിപിഎമ്മിലെ ഒരു ഉന്നതന്‍ കൂടി സ്വര്‍ണ്ണക്കടത്തു കേസില്‍ പെടാന്‍ പോവുകയാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുള്ള ആ നേതാവിന്റെ പേരും പുറത്തുവരുമെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് സംഘടിപ്പിച്ച വെര്‍ച്വല്‍ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.

സ്വര്‍ണ്ണക്കടത്തും അഴിമതിയും തട്ടിപ്പും മാത്രമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര. മുഖ്യമന്ത്രിയെ മുന്നില്‍ നിര്‍ത്തി വോട്ടു ചോദിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇടതു മുന്നണി. മുഖ്യമന്ത്രിയും സര്‍ക്കാരും അത്രത്തോളം ജനവിരുദ്ധമായെന്ന് സി.പി.എമ്മും ഇടതു മുന്നണിയും തിരിച്ചറിഞ്ഞിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.