കൊട്ടിയം: വിവാഹത്തില്‍ നിന്നു പിന്മാറിയതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം പ്രതിയുടെ സഹോദര ഭാര്യയായ സീരിയല്‍ നടിയിലേക്കും. വിവാഹം ഉറപ്പിക്കുകയും പണവും ആഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്ത ശേഷം വാഗ്ദാന ലംഘനം നടത്തുകയും റംസി(24) യെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുകയും ചെയ്ത കേസില്‍ പ്രമുഖ സീരിയല്‍ നടിയുടെ പങ്ക് അന്വേഷിക്കണമെന്ന് റംസിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. കേസില്‍ പ്രധാന പ്രതി ഹാരീസി(26)നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സീരിയല്‍ നടിയുടെ ഗൂഢാലോചനയാണ് ഹാരീസില്‍ നിന്ന് ഗര്‍ഭിണിയായ റംസിയെ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിനു വിധേയമാക്കിയതെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ നടിയെ ചോദ്യം ചെയ്തതായും പ്രാഥമിക പരിശോധനയ്ക്കായി നടി ഉള്‍പ്പെടെയുള്ള പ്രതിയുടെ കുടുംബാംഗങ്ങളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

റംസിയുടെ മരണത്തില്‍ ഹാരീസിന്റെ സഹോദര ഭാര്യയായ സീരിയല്‍ നടിയെയും ഹാരീസിന്റെ കുടുംബത്തെയും പ്രതി ചേര്‍ക്കണമെന്ന് റംസിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഷൂട്ടിങ്ങിനായി പോകുമ്പോള്‍ പലപ്പോഴും റംസിയെയും നടി കൂടെ കൂട്ടുമായിരുന്നു. കുഞ്ഞിനെ നോക്കണമെന്നും കൂട്ടിനാണെന്നും പറഞ്ഞാണ് കൊണ്ടു പോകുക. ദിവസങ്ങള്‍ക്കു ശേഷം ഹാരീസിനൊപ്പമാണ് പറഞ്ഞയ്ക്കുക. ഗര്‍ഭച്ഛിദ്രം നടത്താന്‍ അവളെ കൊണ്ടുപോയത് സീരിയല്‍ നടിയാണ്.

ആത്മഹത്യയ്ക്ക് മുന്‍പ് റംസി പ്രതി ഹാരീസ്, ഹാരീസിന്റെ മാതാവ് ആരിഫ എന്നിവരുമായി സംസാരിച്ചിരുന്നു. ആരിഫയെയും പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. റംസിയുടെ ശബ്ദ സന്ദേശം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഹാരീസിനു മറ്റൊരു വിവാഹാലോചന വന്നതോടെ മകളെ ഒഴിവാക്കുകയായിരുന്നെന്നാണു റംസിയുടെ മാതാപിതാക്കളുടെ ആരോപണം.