ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിച്ച് വരുന്നതിനിടെ ബലാത്സംഗ കേസിലെ പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പിലിഭിത്തിനടുത്തുള്ള ഗ്രാമത്തിലെ 22കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സം ചെയ്ത 25കാരനായ രാംകോട്ട് സ്വദേശി അനൂപ് കശ്യപിന്റെ മൃതദേഹമാണ് തല വേര്‍പ്പെടുത്തപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പിലിഭിട്ട് കടുവ സംരക്ഷണ കേന്ദ്രത്തിന് സമീപത്തെ ഭാരാഹി വനമേഖലയില്‍ നിന്ന് തിങ്കളാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. വിറക് ശേഖരിക്കാനായി വനത്തിലേയ്ക്ക് പോയവരാണ് അനൂപിന്റെ മൃതദേഹം കണ്ടെത്തിയത്.

ചീഞ്ഞളിഞ്ഞ് ഏറെക്കുറെ അസ്ഥികൂടം ആയ നിലയിലായിരുന്നു മൃതദേഹം. പീഡനത്തിനു പിന്നാലെ ഇയാളെ കാണാതായിരുന്നു. പൊലിസ് ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് അനുപിന്റെ മൃതദേഹം തലയറുത്ത് മാറ്റിയ നിലയില്‍ കണ്ടെത്തിയത്.

ഇയാള്‍ എവിടെയാണ് എന്നതിനെക്കുറിച്ച് പിതാവിന് പോലും വിവരം അറിവുണ്ടായിരുന്നില്ലെന്ന് എസ്പി ജയ്പ്രകാശ് യാദവ് പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ യുവതിയുടെ കുടുംബമാണെന്ന് അനുപിന്റെ ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലിസ് അറിയിച്ചു. ഇക്കഴിഞ്ഞ സെപ്തംബര്‍ ആറിനാണ് അനൂപ് യുവതിയെ തട്ടിക്കൊണ്ടു പോയി ക്രൂരബലാല്‍സംഗത്തിനിരയാക്കിയത്.