തൃശൂര്‍: യുവതിയെ കബളിപ്പിച്ച് ഇറ്റലിയിലെത്തിച്ചു പീഡിപ്പിച്ച കേസില്‍ മലയോര കര്‍ഷക സമിതി ജില്ലാ കണ്‍വീനര്‍ അറസ്റ്റില്‍. വലക്കാവ് ക്വാറിവിരുദ്ധ സമരം, പട്ടയ സമരം തുടങ്ങിയവയുടെ നേതാവായ കൊഴുക്കുള്ളി സ്വദേശി ജോബി കൈപ്പാങ്ങലിനെ (35) ആണ് ഈസ്റ്റ് എസ്എച്ച്ഒ പി. ലാല്‍കുമാറും സംഘവും പിടികൂടിയത്. നഗ്‌നചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും നിര്‍ബന്ധിച്ചു വിവാഹം റജിസ്റ്റര്‍ ചെയ്യിച്ചെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ജോബിയുടെ ഉടമസ്ഥതയില്‍ കിഴക്കേക്കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന സിട്രസ് ഹോളിഡേ എന്ന ട്രാവല്‍ ഏജന്‍സി പൊലീസ് റെയ്ഡ് ചെയ്തു.

സ്ഥാപനം അടച്ചുപൂട്ടി. തന്റെ ട്രാവല്‍ ഏജന്‍സിയിലേക്കു ജീവനക്കാരെ നിയമിക്കാന്‍ ഒരു വര്‍ഷം മുമ്പ് ജോബി മാളയിലെ ഒരു കോളജില്‍ റിക്രൂട്‌മെന്റ് നടത്തിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഒരാളാണ് പരാതിക്കാരിയായ യുവതി (24). ഇറ്റലിയിലുള്ള ടൂര്‍ ഗ്രൂപ്പിനൊപ്പം ചേരാനായി യുവതി മിലനിലെത്തി. കാറില്‍ കയറ്റി ഫ്‌ലാറ്റിലെത്തിച്ചു ജ്യൂസില്‍ ലഹരിമരുന്നു കലര്‍ത്തി നല്‍കി മാനഭംഗപ്പെടുത്തിയെന്നാണു പരാതി.