ജയ്പുര്‍: സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ വാര്‍ഡ് ബോയ് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. ശസ്ത്രക്രിയ കഴിഞ്ഞ് ഓക്‌സിജന്‍ സഹായത്തോടെ ഐസിയുവില്‍ കഴിയുകയായിരുന്ന സ്ത്രീയെ കൈകള്‍ കെട്ടിയിട്ട ശേഷം പീഡിപ്പിച്ചെന്നാണ് ആരോപണം. സംഭവത്തില്‍ ആശുപത്രിയിലെ വാര്‍ഡ് ബോയ് ആയ ഖുശിറാം ഗുജ്ജാറിനെ പൊലീസ് പിടികൂടി.

ജയ്പുരിലെ ഷാല്‍ബി ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ശസ്ത്രക്രിയയ്ക്ക് ശേഷം സ്ത്രീയെ തിങ്കളാഴ്ച തന്നെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. അന്ന് രാത്രിയാണ് വാര്‍ഡ് ബോയ് ഐസിയുവിലെത്തി ലൈംഗികമായി പീഡിപ്പിച്ചത്. പീഡനത്തിരയായ രോഗി സംഭവം ആരോടും പറയാനാകാതെ ഒരു രാത്രി മുഴുവന്‍ ഐസിയുവില്‍ കിടന്ന് കരഞ്ഞതായാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പിന്നീട് നഴ്‌സിനോട് വിവരം പറയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് പിറ്റേദിവസം രാവിലെ ഭര്‍ത്താവ് കാണാന്‍ എത്തിയപ്പോഴാണ് പീഡനത്തിനിരയായ വിവരം എഴുതി നല്‍കിയത്. തുടര്‍ന്ന് രോഗിയുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ശസ്ത്രക്രിയയെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റിയതിനാല്‍ തന്നെ ആശുപത്രിയില്‍ നില്‍ക്കാന്‍ അനുവദിച്ചിരുന്നില്ലെന്നാണ് സ്ത്രീയുടെ ഭര്‍ത്താവ് പറഞ്ഞത്. അതിനാല്‍ തിങ്കളാഴ്ച തന്നെ താന്‍ വീട്ടിലേക്ക് മടങ്ങി. പിറ്റേദിവസം ഭാര്യയെ കാണാന്‍ എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പറഞ്ഞത്.

അതേസമയം, രോഗിയുടെ ഭര്‍ത്താവ് പരാതി നല്‍കിയതനുസരിച്ച് കേസെടുത്തതായും പ്രതിയെ പിടികൂടിയതായും ഡിസിപി പ്രദീപ് മോഹന്‍ ശര്‍മ അറിയിച്ചു. സംഭവത്തില്‍ ആശുപത്രിയില്‍നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. കൃത്യത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതടക്കം പരിശോധിച്ചു വരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.