മാഡ്രിഡ്: സ്വന്തം മൈതാനത്ത് റയല്‍ മാഡ്രിഡിന് നാണക്കേട്. ലാലീഗയില്‍ തളര്‍ന്നു, തകര്‍ന്നു നില്‍ക്കുന്ന ടീമിനെ മാനം കെടുത്തിയത് വില്ലാ റയല്‍. ടേബിളില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന ചാമ്പ്യന്മാരുടെ വലയില്‍ മല്‍സരത്തിന്റെ അവസാനത്തില്‍ പന്തെത്തിച്ചാണ് ബെര്‍ണബുവിലെ ആദ്യ ജയം വില്ലാ റയല്‍ സ്വന്തമാക്കിയത്. മഴ പെയ്ത വൈകുന്നേരത്ത് പതിവ് പോലെ റയലിന്റെ സൂപ്പര്‍ താരങ്ങള്‍ മല്‍സരിച്ച് അവസരങ്ങള്‍ പാഴാക്കി. കൃസ്റ്റിയാനോ റൊണാള്‍ഡോ മാത്രം പാഴാക്കിയത് പതിമൂന്ന് അവസരങ്ങള്‍.

മല്‍സരമവസാനിക്കാന്‍ മൂന്ന് മിനുട്ട് മാത്രം ബാക്കി നില്‍ക്കെ നടത്തിയ പ്രത്യാക്രമണത്തിലാണ് വില്ലക്കാര്‍ സ്‌ക്കോര്‍ ചെയ്തത്. ഡിഫന്‍ഡര്‍ ഹെഡ്ഡറിലുടെ നല്‍കിയ പാസുമായി കുതിച്ചു കയറിയ ഉനാലിന്റെ ഷോട്ട് ഗോള്‍ക്കീപ്പര്‍ കൈലര്‍ നവാസ് മനോഹരമായി സേവ് ചെയ്തിരുന്നു. പക്ഷേ പന്ത് ലഭിച്ചത് ഫോര്‍നാലസിന്. അദ്ദേഹത്തിന്റെ ഷോട്ട് വലയില്‍ കയറുമ്പോള്‍ റയല്‍ ഡിഫന്‍ഡര്‍മാര്‍ എത്രയോ പിറകിലായിരുന്നു. തോല്‍വിയോടെ റയലിന്റെ നില വീണ്ടും പരുങ്ങലിലായി.

കെനിയന്‍ താരം മൈക്കല്‍ ഒലുങ്കയുടെ ഹാട്രിക് മികവില്‍ ലാലിഗയില്‍ ജിറോണക്ക് വന്‍ ജയം. എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണ് ജിറോണ ലാസ് പല്‍മാസിനെ വീഴ്ത്തിയത്.സ്വന്തം ഗ്രൗണ്ടില്‍ 25-ാം മിനുട്ടില്‍ ക്രിസ്റ്റ്യന്‍ സ്റ്റുവാനിയുടെ പെനാല്‍ട്ടി ഗോളോടെയാണ് ജിറോണ ഗോള്‍വേട്ട ആരംഭിച്ചത്. 57-ാം മിനുട്ടില്‍ ഒലുങ്ക ഗോള്‍നേട്ടം രണ്ടാക്കി. 64-ാം മിനുട്ടില്‍ ബോര്‍ഹ ഗാര്‍ഷ്യ ടീമിന്റെ മൂന്നാം ഗോള്‍ നേടിയപ്പോള്‍ 70-ാം മിനുട്ടില്‍ ഒലുങ്ക വീണ്ടും ഗോളടിച്ചു. 74-ാം മിനുട്ടില്‍ പോര്‍ട്ടു ജിറോണയുടെ ഗോള്‍നേട്ടം അഞ്ചാക്കി ഉയര്‍ത്തിയതിനു പിന്നാലെ 23-കാരന്‍ ഹാട്രിക് തികച്ചു. 18 മത്സരങ്ങളില്‍ നിന്ന് 48 പോയിന്റോടെ ബാര്‍സോണ ലീഡ് ചെയ്യുന്ന ലാലിഗയില്‍ 26 പോയിന്റുമായി ജിറോണ ഒമ്പതാം സ്ഥാനത്തേക്കു മുന്നേറി. അത്‌ലറ്റികോ മാഡ്രിഡ് (39) രണ്ടും വലന്‍സിയ (37) മൂന്നും റയല്‍ മാഡ്രിഡ് (32) നാലും സ്ഥാനങ്ങളിലാണ്.