മാഡ്രിഡ്: സ്പാനിഷ് ലാലീഗയില്‍ കിരീട നേട്ടം നിലനിര്‍ത്താനുള്ള റയലിന്റെ സാധ്യതകള്‍ അതിവിദൂരമാവുന്നു. രണ്ടു വട്ടം മുന്നില്‍ നിന്ന ശേഷം നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ ലാവന്തെയുമായി 2-2ന് സമനിലയില്‍ കുരുങ്ങി. സമനിലയോടെ ചിരവൈരികളായ ബാഴ്‌സയുമായുള്ള റയലിന്റെ പോയിന്റ് അന്തരം 18 ആയി. 11-ാം മിനിറ്റില്‍ ടോണി ക്രൂസിന്റെ പാസില്‍ നിന്നും സെര്‍ജിയോ റാമോസ് റയലിനെ മുന്നിലെത്തിച്ചെങ്കിലും ഇടവേളക്കു പിരിയാന്‍ മൂന്നു മിനിറ്റ് ബാക്കി നില്‍ക്കെ ബോട്ടങ് ലെവന്റെക്ക് സമനില നേടിക്കൊടുത്തു. ഇരു ഭാഗത്തേക്കും പന്ത് മാറി മാറി കയറിയിറങ്ങിയ മത്സരത്തില്‍ റയലിന്റെ പ്രതിരോധം പലപ്പോഴും പാളുന്നത് വ്യക്തമായിരുന്നു.
കോച്ച് സിനഡിന്‍ സിദാന്‍ ഇതിന്റെ നീരസം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. 81-ാം മിനിറ്റില്‍ കരീം ബെന്‍സീമയുടെ പാസില്‍ നിന്നും ഇസ്‌കോ റയലിനെ വീണ്ടും മുന്നിലെത്തിച്ചു. ജയിച്ചെന്ന് ഉറപ്പിച്ച മത്സരം അവസാനിക്കാന്‍ ഒരു മിനിറ്റ് ബാക്കി നില്‍ക്കെയാണ് റയല്‍ സമനില വഴങ്ങിയത്. പാസിനിയാണ് റയല്‍ വലയില്‍ പന്ത് കയറ്റി ടീമിന് അഭിമാനാര്‍ഹമായ സമനില നേടിക്കൊടുത്തത്. പുതുവര്‍ഷത്തില്‍ ദയനീയമായി തുടങ്ങിയ റയല്‍ ഡെപോര്‍ട്ടീവ ലാകൊരൂണ, വലന്‍സിയ ടീമുകള്‍ക്കെതിരെ തുടരെ തുടരെ ജയം നേടി പ്രതീക്ഷകള്‍ക്കു വക നല്‍കിയെങ്കിലും സിദാന്റെ പദ്ധതികള്‍ ലെവന്റെക്കെതിരായ മത്സരത്തില്‍ അമ്പേ പാളി.
പ്രതിരോധ നിര കാണിച്ച രണ്ട് പാളിച്ചകളാണ് ജയിക്കാമായിരുന്ന മത്സരം ലെവന്റെക്ക് സമനില സമ്മാനിച്ചത്. ടീമിന്റെ പ്രകടനത്തില്‍ തീര്‍ത്തും നിരാശനാണ് താനെന്നായിരുന്നു മത്സര ശേഷം സിദാന്‍ പ്രതികരിച്ചത്. കിങ്‌സ് കപ്പില്‍ ലെഗാനീസ് അട്ടിമറിച്ചതിനു പിന്നാലെ ലാ ലീഗയും കൈവിടുമെന്ന് ഉറപ്പായ മാഡ്രിഡിന് ഇനി ചാമ്പ്യന്‍സ് ലീഗ് മാത്രമാണ് ഏക പ്രതീക്ഷ അതാവട്ടെ അവസാന 16ല്‍ ഇനി നേരിടാനുള്ളത് നെയ്മറിന്റെ പാരീസ് സെന്റ്ജര്‍മയ്‌നെയാണ്. ലാ ലീഗയിലെ റ്റു മത്സരങ്ങളില്‍ ഐബര്‍ സെവിയയെ 5-1നും റയല്‍ ബെറ്റിസ് 2-1ന് വിയ്യറയലിനെയും, ഡെപോര്‍ട്ടീവോ അലാവസ് 2-1ന് സെല്‍റ്റാവിഗോയേയും തോല്‍പിച്ചപ്പോള്‍ ഗെറ്റാഫെ ലഗനീസ് മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു.
21 മത്സരങ്ങളില്‍ നിന്നും 57 പോയിന്റുമായി ബാഴ്‌സയാണ് ലീഗില്‍ തലപ്പത്ത്. 46 പോയിന്റുമായി അത്‌ലറ്റികോ മാഡ്രിഡ് രണ്ടാമതും 40 പോയിന്റുമായി വലന്‍സിയ മൂന്നാമതുമാണ്. 21 മത്സരങ്ങളില്‍ 39 പോയിന്റാണ് നാലാമതുള്ള റയല്‍ മാഡ്രിഡിനുള്ളത്.
പരിശീലകന്‍ സിദാന് കൂടുതല്‍ സമ്മര്‍ദ്ദേമേകുന്നതാണ് ഈ മല്‍സരഫലവും. ലാവന്തെ ലീഗിലെ ഏറ്റവും ദുര്‍ബലരാണ്. അവര്‍ക്കെതിരെ സൂപ്പര്‍ താരങ്ങളെല്ലാം കളിച്ചിട്ടും ടീമിന് ജയിക്കാന്‍ കഴിയില്ല എന്ന് വരുമ്പോള്‍ ടീമില്‍ എന്താണ് സംഭവിക്കുന്നത് എന്നാണ് എല്ലാവരും ഉന്നയിക്കുന്ന ചോദ്യം.
Be the first to write a comment.