ന്യഡല്‍ഹി: കേരളത്തെ കുറിച്ച് വ്യാജവാത്ത നല്‍കുന്നതിലും ഹേറ്റ് ക്യാമ്പയിനിലും മുഖ്യപങ്ക് വഹിച്ച അര്‍ണാബ് ഗോസ്വാമിയുടെ റിപബ്ലിക്ക് ചാനലിനെതിരെയുള്ള മലയാളികളുടെ പ്രതിഷേധത്തില്‍ വന്‍ തകര്‍ച്ചയാണ് ചാനലിന് ഏറ്റുവാങ്ങേണ്ടി വന്നത്. മലയാളികളുടെ കൈക്കരുത്തില്‍ തകര്‍ന്നടിഞ്ഞ റേറ്റിംഗിനെ പിടിച്ചു നിര്‍ത്താനായി ഫെയ്‌സ്ബുക്കില്‍ വ്യാജറിവ്യൂ ചമച്ച ചാനലിന്റെ അവസാന ശ്രമവും വിഫലമായി. വ്യാജഅക്കൗണ്ടുകളില്‍ നിന്നും വ്യാപകമായി ഫൈവ് സ്റ്റാര്‍ റേറ്റിംഗ് നല്‍കുന്നതായി ഫെയ്‌സ്ബുക്ക് തന്നെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് എഫ്ബി പേജ് റേറ്റിംഗില്‍ ചാനല്‍ വീണ്ടും കൂപ്പുകുത്തിയത്.

കേരളത്തെ കുറിച്ചുള്ള സംഘപരിവാറിന്റെ വ്യാജപ്രചരണങ്ങള്‍ക്ക് മാധ്യമ പിന്തുണ നല്‍കി തുടര്‍ച്ചയായി കേരളത്തെ അപമാനിച്ചതാണ് മലയാളികളെ ചൊടിപ്പിച്ചത്. ആ രോഷമാണ് ചാനലിന്റെ ഫെസ്ബുക്ക് പേജ് റിവ്യൂ 4.8ല്‍ നിന്ന് 2.2ലേക്ക് എത്തിച്ചത്. മലയാളികള്‍ തുടര്‍ച്ചയായി ഏറ്റവും താഴ്ന്ന റേറ്റിംഗായ ഒന്ന് നല്‍കുകയും മോശം റിവ്യൂകള്‍ ഇടുകയും ചെയ്തതോടെ ചാനലിന്റെ റേറ്റിംഗിന് വന്‍ ഇടിവ് സംഭവിക്കുകയായിരുന്നു. റേറ്റിംഗ് തിരിച്ച് പിടിക്കാനാണ് ചാനല്‍ വ്യാജ പ്രൊഫൈലുകളില്‍ നിന്ന് ഫൈവ് സ്റ്റാര്‍ റേറ്റിംഗുകള്‍ നല്‍കിയത്.

പണം നല്‍കി വ്യാജ അക്കൗണ്ടുകള്‍ വഴിയാണ് ഇത് സൃഷ്ടിക്കുന്നതെന്ന ആരോപണം ഉയര്‍ന്നു. ഇത് ഫെയ്‌സ്ബുക്ക് കണ്ടുപിടിച്ച് നീക്കം ചെയ്തതോടെ 70,000 ന് മുകളില്‍ ഉണ്ടായിരുന്ന ഫൈവ് സ്റ്റാര്‍ റേറ്റിംഗ് 44,000 ലേക്ക് വീണു. അതേസമയം ഒരു സ്റ്റാര്‍ 1.27 ലക്ഷം കടന്നിരിക്കുകയാണ്. മലയാളികളുടെ പ്രതിഷേധത്തെ ഇനിയും റിവ്യൂ ഓപ്ഷന്‍ അനുവദിച്ചാല്‍ അത് ഏറ്റവും മോശമായ അവസ്ഥയിലാവും എന്ന് മനസ്സിലാക്കിയ റിപബ്ലിക്ക് ടിവി നേരത്തെ ഫെയ്‌സ്ബുക്ക് റിവ്യൂ ഓപ്ഷന്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഓപ്ഷന്‍ തിരികെ കൊണ്ടുവരുകയായിരുന്നു. പ്ലേസ്റ്റോറില്‍ നിന്നും റിപബ്ലിക്കിന്റെ ആപ്പും നേരത്തെ പിന്‍വലിച്ചിരുന്നു.